'ദൈവമെന്ന് വിശേഷിപ്പിച്ചപ്പോൾ ശ്രീനാരായണ ഗുരു വരെ അത് തിരുത്തി'; കണ്ണൂരിലെ ഫ്ലക്സ് വിവാദത്തിൽ പി. ജയരാജനെതിരെ എം.വി. ജയരാജന്റെ ഒളിയമ്പ്
text_fieldsഎം.വി ജയരാജൻ, പി. ജയരാജൻ
കണ്ണൂർ: പി. ജയരാജനെ ദൈവമെന്ന് വിശേഷിപ്പിച്ച കണ്ണൂരിലെ ഫ്ലക്സ് ബോർഡ് വിവാദത്തിൽ ഒളിയമ്പുമായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ജീവിച്ചിരിക്കുമ്പേൾ ദൈവമെന്ന് വിശേഷിപ്പിച്ചവരോട് താൻ സാധാരണ മനുഷ്യനെന്ന് മറുപടി പറഞ്ഞയാളാണ് ശ്രീനാരായണ ഗുരുവെന്ന് എം.വി. ജയരാജൻ പറഞ്ഞു. ദൈവമുണ്ടെങ്കിൽ അത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ദൈവമെന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് തള്ളിപ്പറയാത്ത പി. ജയരാജനെ ഉന്നംവെക്കുന്നതായി എം.വി. ജയരാജന്റെ അഭിപ്രായപ്രകടനം.
അന്നവും വസ്ത്രവും ഭക്ഷണവും ഒട്ടും മുടങ്ങാതെ തരുന്നവനാണ് തമ്പുരാൻ എന്നാണ് നാരായണ ഗുരു പറഞ്ഞത്. തന്നെപ്പറ്റി ഒരാളും ദൈവമായി പറയരുതെന്നാണ് ഗുരു പറഞ്ഞത്. ഗുരുവിനേക്കാൾ വലിയ മഹാൻ ആരാണ്. വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്നും എം.വി. ജയരാജൻ മാധ്യമങ്ങളോട് ആവർത്തിച്ചു.
പി. ജയരാജനെ വാഴ്ത്തി കണ്ണൂരിലെ സി.പി.എം ശക്തികേന്ദ്രങ്ങളിൽ ഉയർന്ന ഫ്ലക്സ് ബോർഡ് വിവാദത്തിൽ രണ്ടാംതവണയാണ് എം.വി. ജയരാജൻ പ്രതികരിക്കുന്നത്. വ്യക്തിയേക്കാൾ വലുതാണ് പാർട്ടിയെന്നും പാർട്ടിയേക്കാൾ വലുതായി ഒരു നേതാവുമില്ലെന്നുമാണ് നേരത്തേ പ്രതികരിച്ചിരുന്നത്.
അംഗത്വം പുതുക്കാതെ മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസ് പാർട്ടി വിട്ട വിഷയത്തിൽ പി. ജയരാജനെതിരെ കണ്ണൂർ ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. വിഷയം വഷളാക്കിയത് പി. ജയരാജനാണ് എന്ന നിലക്കാണ് പരാതി. സംസ്ഥാന സമിതിയുടെ പരിഗണനയിലുള്ള ഈ കത്തിന്റെ മറപിടിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി. ജയരാജനെ ഇത്തവണ തഴഞ്ഞെതെന്നാണ് സൂചന. സെക്രട്ടേറിയറ്റിനു പിന്നാലെ കേന്ദ്ര കമ്മിറ്റിയിലും ഇടംപിടിക്കാതെ പോയതോടെയാണ് പി. ജയരാജനെ അനുകൂലിക്കുന്നവരുടെ അമർഷം പ്രകടമായത്. സി.പി.എം ശക്തികേന്ദ്രങ്ങളായ ആർ.വി മെട്ട, കക്കോത്ത് എന്നിവിടങ്ങളിലാണ് കഴിഞ്ഞയാഴ്ച ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. ‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞുനിൽക്കും ഈ സഖാവ് പി.ജെ’ എന്നാണ് ബോർഡിലുള്ളത്.