കണ്ണൂരെന്നാൽ വി.എസിന് ബെർലിൻ
text_fieldsകണ്ണൂർ: കമ്യൂണിസ്റ്റ് കോട്ടയെങ്കിലും വി.എസ്. അച്യുതാനന്ദന്റെ കർമ മണ്ഡലങ്ങളിൽ ഏറ്റവും പിന്നിലാണ് കണ്ണൂരിന്റെ സ്ഥാനം. ആരാധകർ ഏറെയുണ്ടെങ്കിലും വി.എസ് ആഭിമുഖ്യമുള്ള നേതാക്കളില്ലാത്ത മണ്ണാണിത്. വലിയ ജനകീയ പോരാട്ടങ്ങൾ ഒന്നും നടക്കാത്തതിനാലും പിണറായി വിജയന് കണ്ണൂരിലുള്ള മേധാവിത്വവുമാണ് ഇയൊരു സാഹചര്യത്തിന് കാരണം. എങ്കിലും തന്റെ ഇഷ്ട നാടുകളിൽ എന്നും കണ്ണൂർ മുൻപന്തിയിൽ ആയിരുന്നുവെന്ന് ദീർഘകാലം വി.എസിന്റെ സന്തത സഹചാരിയായിരുന്ന എ. സുരേഷ് ഓർക്കുന്നു. വി.എസിന് നിയമസഭ സീറ്റ് നിഷേധിച്ചപ്പോൾ കണ്ണൂരിലും പന്തംകൊളുത്തി പ്രകടനം നടന്നു.
വി.എസ് കണ്ണൂരിലെത്തിയാൽ നാറാത്തെ ബെർലിൻ കുഞ്ഞനന്തൻ നായരുടെ വീട്ടിലെത്തും. കണ്ണൂരിലെ പാർട്ടി നേതാക്കളെല്ലാം പണ്ട് ഒരുമിക്കുന്ന വീടായിരുന്നു അത്. പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും ഒരുമെയ്യായി പ്രവർത്തിച്ച കാലത്ത് ഒന്നിച്ചുണ്ട് കഴിഞ്ഞ വീടായിരുന്നു അത്. വി.എസ് എന്ന് കണ്ണൂരിലെത്തിയാലും താമസിച്ചിരുന്നത് ബെർലിന്റെ വീട്ടിലായിരുന്നു. പിണറായിയും ബെർലിനും തെറ്റിയപ്പോഴും വി.എസും ബെർലിനും തമ്മിലെ അടുപ്പം തുടർന്നു.
വിഭാഗീയയതക്ക് എരിവുകൂട്ടുന്ന ബന്ധമായി അത് വ്യാഖ്യാനിക്കപ്പെട്ടു. മലപ്പുറം സമ്മേളനത്തിന് തൊട്ടുമുമ്പ് വി.എസ് ബെർലിന്റെ വീട്ടിൽ എത്തിയപ്പോൾ ‘നിങ്ങൾ പാർട്ടിയെ പിളർത്താൻ എത്തിയതാണോ’ എന്ന് പ്രദേശിക നേതാവ് ചോദിച്ചത് വിവാദമായിരുന്നു.
2011 ജൂലൈയിൽ വി.എസ് ബെർലിന്റെ വീട്ടിലെത്തുമെന്ന് അറിയിച്ചതും വലിയ വിവാദമായി. വി.എസിന് ഉച്ചയൂണ് ഒരുക്കുമെന്ന് ബെർലിൻ അറിയിച്ചു. വി.എസിന് പാർട്ടി വിലക്ക് വന്നു. ഊൺ കഴിച്ചാൽ അല്ലേ പ്രശ്നമുള്ളൂവെന്ന് പറഞ്ഞ് ബെർലിന്റെ വീട്ടിൽനിന്ന് കരിക്കിൻവെള്ളം കുടിച്ച് വി.എസ് ഇറങ്ങി. മരിക്കുന്നതിന് മുമ്പ് ബെർലിൻ പിണറായിയെ പുകഴ്ത്തിപ്പറഞ്ഞെങ്കിലും പിണറായി അയഞ്ഞില്ല.
ബെർലിൻ കുഞ്ഞനന്തൻ നായരെ പോലെ കണ്ണൂരിൽ എം.എൻ. വിജയനാണ് ഒരുകാലത്ത് വി.എസിന് അടുപ്പമുണ്ടായിരുന്ന മറ്റൊരാൾ. പിണറായി വിജയന്റെ ഗുരു കൂടിയായ എം.എൻ. വിജയൻ അദ്ദേഹവുമായും അകന്നു. അപ്പോഴും വി.എസ് ബന്ധം തുടർന്നു. ബെർലിനെ പോലെ എം.എൻ. വിജയൻ-വി.എസ് കൂടിക്കാഴ്ചകൾ അധികമില്ല. കൊടുങ്ങല്ലൂർകാരനായ എം.എൻ. വിജയന്റെ കർമമണ്ഡലങ്ങളിൽ പ്രധാനം കണ്ണൂർ ആയിരുന്നു. അങ്ങനെ കണ്ണൂരിൽ പിണറായിക്ക് താൽപര്യമില്ലാതായ രണ്ട് സൈദ്ധാന്തികരും വി.എസിന്റെ സ്വന്തക്കാരായത് ഒട്ടും യാദൃച്ഛികമല്ല.