ഇത് സാഹോദര്യത്തിന്റെ മധുരം നിറച്ച മൺകലം
text_fieldsകേളോത്ത് തറവാട്ടുകാർ ക്ഷേത്രമുറ്റത്ത് പഞ്ചസാര കലം സമർപ്പിക്കുന്നു
പയ്യന്നൂർ: സാഹോദര്യത്തിന്റെ മധുരം നിറച്ച മൺകലവുമായി കേളോത്ത് തറവാട്ടിലെ ഷുക്കൂർ ഹാജിയും സംഘവും പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ തിരുനടയിലെത്തിയപ്പോൾ അത് അണയാത്ത മാനവികതയുടെ ദീപ്തമായ അടയാളപ്പെടുത്തലായി. പതിവുതെറ്റാതെ തൃപുത്തരിക്കുള്ള പഞ്ചസാരക്കലവുമായാണ് കേളോത്ത് തറവാട്ടുകാർ ഇക്കുറിയും സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ബലിക്കല്ലിനു മുന്നിലെത്തിയത്.
പയ്യന്നൂരിൽ നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഈ ആചാരം അതിർവരമ്പുകളെ തല്ലിയുടച്ച മതമൈത്രിയുടെ സന്ദേശംകൂടിയാണ് ഓർമപ്പെടുത്തുന്നത്. കേളോത്ത് എന്ന ദേശത്തിന് സ്ഥലനാമം നൽകിയ പുരാതന മുസ്ലിം തറവാടാണ് കേളോത്ത് തറവാട്.
സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധമുള്ള ഈ തറവാട് വെളിച്ചെണ്ണ പകർന്ന് കെടാദീപം തെളിക്കുന്ന അപൂർവം തറവാടുകളിലൊന്നാണ്. ആ ദീപത്തിന് മുന്നിൽനിന്നാണ് തറവാട് കാരണവർ പുതിയ മൺകലത്തിൽ പഞ്ചസാര നിറച്ച് പഞ്ചസാരക്കലവുമായി പരിവാര സമേതം ക്ഷേത്രത്തിലേക്ക് വരാറുള്ളത്. ക്ഷേത്ര കല്യാണ മണ്ഡപത്തിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങളും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.
വലിയ ബലിക്കല്ലിന് സമീപത്തെ നിറഞ്ഞുകത്തുന്ന തട്ടുവിളക്കിന് മുന്നിൽ തറവാട്ടുകാർ പഞ്ചസാരക്കലം സമർപ്പിച്ചു. കലവറ സൂക്ഷിപ്പുകാരൻ പഞ്ചസാരക്കലം നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് പെരുമാളുടെ കണക്ക് പുസ്തകത്തിൽ ചേർത്തു. ഇതിനു ശേഷം ക്ഷേത്രത്തിലെ പുത്തരി നിവേദ്യമായ ആഗ്രാണത്തിലും പാൽപായസത്തിലും ചേർക്കാൻ തിടപ്പള്ളിയിൽ കീഴ്ശാന്തിമാരെ ഏൽപിച്ചതോടെയാണ് സമർപ്പണ ചടങ്ങിന് സമാപനമായത്.
ഷുക്കൂർ ഹാജിക്കു പുറമെ കെ.സി. അബ്ദുൽ സലാം, അഫ്സൽ ഹാജി, റഹീം, റഷീദ്, അഷ്റഫ്, കബീർ, ഹിജാസ്, മുസ്താഖ് തുടങ്ങിയവരും തറവാട്ടു സംഘത്തിൽ ഉണ്ടായിരുന്നു. ക്ഷേത്രത്തിൽനിന്ന് നൽകിയ പഴക്കുല ഉൾപ്പെടെ സ്വീകരിച്ചാണ് സംഘം തറവാട്ടിലേക്ക് മടങ്ങിയത്.