തീ താണ്ഡവമാടിയത് നാലു മണിക്കൂർ
text_fieldsതളിപ്പറമ്പ്: നഗരത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് തീപിടിത്തം. തളിപ്പറമ്പിന്റെ വ്യാപാര ചരിത്രത്തിൽ ഇന്നോളമുണ്ടായതിൽവെച്ച് ഏറ്റവും വലിയ ദുരന്തത്തിനാണ് വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത്. വൈകീട്ട് അഞ്ചോടെ ആരംഭിച്ച തീ രാത്രി ഒമ്പതോടെയാണ് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ദേശീയപാതയോരത്തെ മാക്സ്ട്രോ എന്ന ചെരിപ്പുകടയിലാണ് ആദ്യം തീപിടിച്ചത്.
ഇവിടുത്തെ ശീതീകരണ ഉപകരണത്തിൽനിന്ന് പടർന്ന തീ വളരെ പെട്ടെന്ന് തന്നെ സമീപത്തെ പ്ലാസ്റ്റിക്, അലുമിനിയം, സ്റ്റീൽ തുടങ്ങിയ പാത്രങ്ങൾ വിൽക്കുന്ന ഷാലിമാർ സ്റ്റോറിലേക്കും പടരുകയായിരുന്നു. പിന്നീട് സമീപത്തെ മറ്റു കടകളിലേക്കും പടർന്നു.
ആദ്യത്തെ ഒരു മണിക്കൂറോളം തീ സമീപ കടകളിലേക്കു പടരുമ്പോഴും തളിപ്പറമ്പ് അഗ്നിരക്ഷനിലയത്തിന്റെ രണ്ട് വാഹനം മാത്രമാണ് തീയണക്കാൻ ഉണ്ടായിരുന്നത്. ഇതിലൊന്നിൽ വെള്ളം തീർന്നപ്പോൾ നിറക്കാൻ പോയി അവർ ട്രാഫിക്കിൽ കുടുങ്ങി ഏറെ നേരം കഴിഞ്ഞാണ് പിന്നീട് തിരിച്ചെത്തിയത്. ഇത് ജനങ്ങളിൽ പ്രതിഷേധം ഉയർത്തി. വൈകീട്ട് 6.15ഓടെയാണ് മറ്റു സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ എത്തിയത്.
വെള്ളവുമായി തളിപ്പറമ്പിലെ ജാഫർ കുടിവെള്ള വിതരണ വാഹനവും ദേശീയപാത പ്രവൃത്തിയുടെ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനവും നിരവധി തവണ ഓടിയത് ആശ്വാസമായി. തളിപ്പറമ്പ് ക്ഷേത്രച്ചിറയിൽനിന്നുമാണ് വെള്ളം എത്തിച്ചത്. ദേശീയപാതയിലെ ഗതാഗതം തടഞ്ഞിരുന്നുവെങ്കിലും കാണികളായി നൂറുകണക്കിന് ജനം എത്തിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. പൊലീസ് ഏറെ പണിപ്പെട്ടാണ് ജനങ്ങളെ നിയന്ത്രിച്ചത്. നിരവധി ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന ഷാലിമാർ സ്റ്റോർ കത്തിനശിച്ചത് ഏവരേയും ദുഃഖത്തിലാക്കി. 10ലധികം മുറികളിലായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പൂർണമായും അഗ്നി വിഴുങ്ങി.


