കയ്പറിഞ്ഞ മണ്ണിൽ കണ്ണൂരിന് കന്നികിരീടം
text_fieldsകണ്ണൂർ വാരിയേഴ്സ് ടീമംഗങ്ങളുടെ ആഹ്ലാദ പ്രകടനം
കണ്ണൂർ: സ്വന്തം തട്ടകത്തിൽ കയ്പ് രുചിച്ച കണ്ണൂർ വാരിയേഴ്സ് എഫ്.സി ഒടുവിൽ വിജയമധുരം നുകർന്ന് കന്നികിരീടം നേടി. സൂപ്പർലീഗ് കേരളയുടെ സീസൺ ടുവിൽ അഞ്ചു മത്സരങ്ങളായിരുന്നു കണ്ണൂർ വാരിയേഴ്സ് സ്വന്തം നാട്ടിൽ കളിച്ചത്. ഇതിൽ മൂന്നും തോറ്റു. രണ്ട് മത്സരങ്ങളിൽ സമനിലയും വഴങ്ങി. ഇതിനെല്ലാം കണക്കു തീർത്ത മത്സരമായിരുന്നു ഫൈനലിലേത്. തൃശൂര്‍ മാജിക് എഫ്.സിക്കെതിരെ എല്ലാ ഘട്ടത്തിൽ വൻ മുന്നേറ്റം നടത്തിയ കണ്ണൂർ പെനാൽട്ടിയിലൂടെ ആദ്യ വലകുലുക്കി.
നിമിഷങ്ങൾക്കകം ചുവപ്പ് കാർഡ് കണ്ട് കണ്ണൂരിന്റെ ഒരാൾ പുറത്തായതോടെ ഗാലറി മൗനത്തിൽ മുങ്ങി. ഭാഗ്യത്തിന്റെ നൂൽപാലം കടന്ന് നോക്കൗട്ട് പിന്നിട്ട കണ്ണൂരിന് ഇതേഭാഗ്യം ഫൈനൽ മത്സരത്തിൽ കണ്ടു. രണ്ടാംപകുതിയിൽ തൃശൂർ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ണൂരിലെത്തിയ ഫുട്ബാൾ മത്സരത്തിന് കണ്ണൂർ ജവഹർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചപ്പോൾ ഭാവി ഫുട്ബാൾ മത്സരങ്ങളുടെ പുത്തൻ വേദിയായി ഇതുമാറുമെന്ന അടയാളപ്പെടുത്തലുമായി മാറി. സ്വന്തം മണ്ണിൽ ഒറ്റ മത്സരവും ജയിച്ചില്ലെന്ന പോരായ്മക്ക് ഫൈനലിലൂടെ മറുപടി നൽകിയതോടെ ഗാലറിയിൽ ഹർഷാരവം നിറഞ്ഞു. സൂപ്പര്‍ ലീഗ് കേരള കന്നി കിരീടത്തില്‍ മുത്തമിട്ട കണ്ണൂരിന്റെ സ്വന്തം. കണ്ണൂര്‍ വാരിയേഴ്സ് എഫ്.സിയില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളുണ്ട്.


