മനുഷ്യ-വന്യജീവി സംഘർഷം, ജില്ലയിൽ 7202 പരാതികൾ; 254 എണ്ണത്തിന് പരിഹാരം
text_fieldsകേളകം: മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിന് വനംവകുപ്പിന്റെ ഹെൽപ് ഡെസ്കുകളിൽ പരാതി സമർപ്പിക്കേണ്ട തീയതി അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 7202 പരാതികൾ. ഇവയിൽ 254 പരാതികൾ റേഞ്ച് തലത്തിൽ തീർപ്പാക്കി. കൊട്ടിയൂർ 3521, ആറളം 1750, കണ്ണവം 247, തളിപ്പറമ്പ് 1684 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്. ഹെൽപ് ഡെസ്കുകളിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യത്തെ കുറിച്ചുള്ളവയാണ്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ഇവയെ വെടിവെച്ച് കൊല്ലാനുള്ള അധികാരം പഞ്ചായത്തുകൾക്കാണ്. അതുകൊണ്ട് തന്നെ ഇത്തരം പരാതികൾ വനം വകുപ്പ് പഞ്ചായത്തുകൾക്ക് കൈമാറി. കുരങ്ങ് ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയായതിനാൽ ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക് താഴെ തട്ടിൽ പരിഹാരവും നിർദേശിക്കാനും വകുപ്പിന് പരിമിതിയുണ്ട്. വന്യജീവി സംഘർഷം പരിഹരിക്കുന്നതിനും ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ 45 ദിവസം നീളുന്ന ഒരു തീവ്രയജ്ഞ പരിപാടി എന്ന നിലയിലാണ് ഹെൽപ് ഡെസ്ക് തുടങ്ങിയത്.
ജില്ലയിൽ ഡി.എഫ്.ഒ ജോസ് മാത്യു, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ എന്നിവരുടെ ഏകോപനത്തിൽ റേഞ്ചർമാരായ സധീർ നെരോത്ത് (കണ്ണവം), ടി. നിധിൻരാജ് (കൊട്ടിയൂർ), സനൂപ് കൃഷ്ണൻ (തളിപ്പറമ്പ്), രമ്യ രാഘവൻ (വളയംചാൽ) എന്നിവരാണ് ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.


