ആറളം ഫാമിൽ ഒരാനയെക്കൂടി കാടുകയറ്റി
text_fieldsആറളം ഫാമിലെ ഹെലിപ്പാടിൽ കാട്ടാന തുരത്തലിൽ പങ്കെടുക്കുന്ന വനപാലകർക്ക് ആറളം വൈൽഡ് ലൈഫ് വാർഡൻ നിർദേശങ്ങൾ നൽകുന്നു
കേളകം: ആറളം ഫാം പുനരധിവാസമേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്ന ആനയോടിക്കൽ ദൗത്യം ഹെലിപാഡ് ഭാഗത്തു നിന്നും ആരംഭിച്ചു. ചൊവ്വാഴ്ചത്തെ ദൗത്യത്തിൽ ഒരു ആനയെയാണ് കാട്ടിലേക്ക് കയറ്റിയത്.
ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. പ്രസാദ്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം വൈൽഡ് ലൈഫ്, സോഷ്യൽ ഫോറസ്റ്ററി കണ്ണൂർ എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ഉൾപ്പെടെ 30 ഓളം ജീവനക്കാർ ആന ഓടിക്കൽ ദൗത്യത്തിൽ പങ്കെടുത്തു.
ആറളം ഫാമിൽ വരുന്ന ബ്ലോക്ക് 6ൽ ഹെലിപാഡ് ഭാഗത്തുനിന്ന് ആനകളെ തുരത്തുന്നത് ആരംഭിക്കുകയും 18 ഏക്കർ താളിപ്പാറ - കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്കാണ് കയറ്റാൻ ശ്രമിച്ചത്. ദൗത്യം തുടരുമെന്നും രാത്രി മൂന്ന് ടീം രാത്രികാല പട്രോളിങ് നടത്തുന്നുെണ്ടന്നും അധികൃതർ അറിയിച്ചു.