രാജവെമ്പാലകൾ മലയിറങ്ങുന്നു;80ാമത്തെ രാജവെമ്പാലയെയും കൂട്ടിലാക്കി ഫൈസൽ വിളക്കോട്
text_fieldsഅടക്കാത്തോട് മുട്ടുമാറ്റിയിൽ നിന്നും കണ്ടെത്തിയ രാജവെമ്പാലയെ ഫൈസൽ വിളക്കോട് പിടികൂടാൻ തയാറെടുക്കുന്നു
കേളകം: മൂന്ന് വർഷത്തിനിടെ എൺപതാമത്തെ രാജവെമ്പാലയും ഫൈസൽ വിളക്കോടിന് മുമ്പിൽ പത്തി മടക്കി. അടക്കാത്തോടിന് സമീപം മുട്ടുമാറ്റിയിൽ നിന്ന് രണ്ട് ദിവസത്തിനിടെ ഒമ്പതടിയും പത്തടിയും നീളമുള്ള രണ്ട് കൂറ്റൻ രാജവെമ്പാലകളാണ് കണ്ണൂർ മാർക്ക് സംഘടനയുടെ പ്രവർത്തകനും വനം വകുപ്പിൽ താൽക്കാലിക വാച്ചറുമായ ഫൈസൽ വിളക്കോടിന്റെ പിടിയിലാകുന്നത്.
വേനൽ കടുത്തതോടെ പാമ്പുകൾ ഈർപ്പം തേടിയിറങ്ങുമ്പോൾ ഫൈസലും തിരക്കിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി രാജവെമ്പാലകളെയാണ് മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയത്. മൂന്ന് വർഷത്തിനുള്ളിൽ മൂവായിരത്തോളം വിവിധയിനം പാമ്പുകളെ ഫൈസൽ പിടികൂടിയിട്ടുണ്ട്. ചൂട് വർധിക്കുന്നതോടെ ഫൈസൽ വിളക്കോടിന്റെ ഫോണിനും വിശ്രമമുണ്ടാകില്ല.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തന്നെ സമീപിക്കുന്ന ആളുകളുടെ പരിഭ്രാന്തിയകറ്റാൻ ഫൈസൽ തയാറാണ്. മാർച്ച് മാസം രാജവെമ്പാലകൾ ഇണചേരുന്ന സമയം കൂടിയാണ്. അതിനാലാണ് ഈ സമയങ്ങളിൽ രാജവെമ്പാലകളെ കൂടുതലായി കാണുന്നത്. മാർച്ച് മാസത്തിൽ മാത്രം ഏഴ് രാജവെമ്പാലകളെ മലയോരമേഖലയിൽ നിന്നും പിടികൂടിയെന്ന് ഫൈസൽ പറഞ്ഞു.
കടുവയും കാട്ടുപോത്തും കാട്ടാനകളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നതിനെ തുടർന്നു പൊറുതിമുട്ടിയ മലയോര ജനതയുടെ മുന്നിലേക്ക് രാജവെമ്പാലകൾ കൂടി എത്തിത്തുടങ്ങിയത് മലയോര വാസികളുടെ ഉറക്കം കെടുത്തുകയാണ്. ആളുകൾ ഇറങ്ങാൻ ഭയക്കുന്ന ഈ മേഖലയിൽ ജീവൻ പണയം വെച്ചും ഇറങ്ങുന്നത് പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഫൈസൽ പറഞ്ഞു.
മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഫൈസൽ നിരാശനാണ്. കൃത്യമായ ശമ്പളം കിട്ടാത്തതിന്റെ നിരാശ. സാഹസികമായി ജോലി ചെയ്യുന്ന തനിക്ക് കൃത്യമായി ശമ്പളവും ലഭിച്ചില്ലെങ്കിൽ മുന്നോട്ട് പോവാനാവാത്ത പ്രതിസന്ധിയിലാണെന്നും ഫൈസൽ ഓർമ്മിപ്പിക്കുന്നു.