തീവ്ര മഴ; മലയോരത്ത് വ്യാപക നാശനഷ്ടം
text_fieldsകണിച്ചാർ പഞ്ചായത്തിലെ മാവടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ
കേളകം: തീവ്ര മഴയെ തുടർന്ന് മലയോരത്ത് വ്യാപക നാശനഷ്ടം. മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ ഭീതിയിലാണ് ജനങ്ങൾ. കനത്ത മഴയിൽ കൊട്ടിയൂർ ബാവലി പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞ് നിരവധി കൃഷിയിടങ്ങൾ വെള്ളത്തിലായി. കനത്ത മഴയിൽ റോഡും പാലങ്ങളും വെള്ളത്തിൽ മുങ്ങി.
ബാവലിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ ചെറുപാലങ്ങളും റോഡുകളുമാണ് വെള്ളത്തിലായത്. കനത്ത മഴയിൽ കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട്,ആറളം പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങൾ മഴക്കെടുതി ഭീതിയിയിലാണ്.
കണിച്ചാർ-കുണ്ടേരി പാതയിലെ പാലത്തിൽ വെള്ളം കവിഞ്ഞൊഴുകുന്നു
കൊട്ടിയൂർ പാമ്പറപ്പാൻ പാലത്തിൽ വെള്ളം കയറിയൊഴുകി. കനത്ത മഴയിൽ മലയോര ഹൈവേയിലെ വെങ്ങലോടിയിൽ പാതയിൽ വെള്ളം ഒഴുകിയെത്തി യാത്ര ദുഷ്കരമായി. മഴ കനത്ത് പെയ്യുന്നതിനാൽ കൊട്ടിയൂർ വയനാട്, നിടുംപൊയിൽ-വയനാട് ചുരം റോഡൂകളിൽ മണ്ണിടിച്ചിൽ-പാറയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് മേഖലയിലെ ഭൂരിഭാഗം റോഡുകളിലും വെള്ളം നിറഞ്ഞ് വാഹന യാത്രയും ദുഷ്കരമായി.
മലയടിവാരങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണ്. ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് ജില്ലയിലെ മലയോര മേഖലയിൽ അനുഭവപ്പെടുന്നത്. ആറളം, കൊട്ടിയൂർ മേഖലകളിൽ ബുധനാഴ്ചയും കനത്ത മഴ തുടർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളംകയറി. വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചീങ്കണ്ണിപ്പുഴയും കവിഞ്ഞൊഴുകി കൃഷിയിടങ്ങൾ വെള്ളത്തിലായി.
പ്രളയ കുത്തൊഴുക്കിൽ മുട്ടുമാറ്റി പാതയിലും കൃഷിയിടങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തിൽ കണിച്ചാർ ടൗണിൽ നിന്നുള്ള കുണ്ടേരി പാതയിലെ പാലം വെള്ളത്തിലായി. സമീപത്തെ കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കേളകം പഞ്ചായത്ത് കോലാഞ്ചിയിലെ ചെരുവിള പുത്തൻപുര ജോസുകുട്ടിയുടെ കിണറാണ് ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നത്.
കണിച്ചാർ മേഖലകളിൽ മണ്ണിടിച്ചിൽ, കാക്കരമറ്റംമല റോഡിന്റെ ഭിത്തി തകർന്നു
കേളകം: കനത്ത മഴയിൽ കണിച്ചാർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ വൻ നാശനഷ്ടം. കണിച്ചാർ പഞ്ചായത്തിലെ മാവടിയിൽ വീടിന്റെ സംരക്ഷണഭിത്തി മുഴുവനായും ഇടിഞ്ഞ് റോഡിലേക്ക് വീണു. മാവടി സ്വദേശിയായ വക്കയിൽ ഫിൻസിന്റെ വീടിനുമുമ്പിലെ സംരക്ഷണഭിത്തിയാണ് മുഴുവനായും റോഡിലേക്ക് പതിച്ചത്.
നെല്ലിക്കുന്നിലെ കാക്കരമറ്റംമല റോഡിന്റെ പാർശ്വഭിത്തിയും പൂർണമായും ഇടിഞ്ഞുവീണു. ഏകദേശം 20 മീറ്ററോളം റോഡാണ് ഇടിഞ്ഞുവീണത്. നിലവിൽ വാഹന യാത്ര ദുഷ്കരമാണ് ഈ ഭാഗത്ത്. നൂറുകണക്കിന് ആളുകൾ താമസിക്കുന്നതും നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്നതുമായ റോഡ് ആണ് നിലവിൽ അപകടാവസ്ഥയിൽ ആയത്.
റോഡിന്റെ പുനർനിർമാണത്തിന് വേണ്ട മുഴുവൻ നടപടികളും ഉടൻതന്നെ ആരംഭിക്കുമെന്ന് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. കണിച്ചാർ പഞ്ചായത്തിലെ തന്നെ പൂളക്കുറ്റി, നെടുംപുറഞ്ചാൽ തുടങ്ങിയ മേഖലകളിലും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു.