പ്രസിഡന്റിന് അഞ്ചുരൂപ, പഞ്ചായത്ത് ഫണ്ട്-5000
text_fieldsജോർജുകുട്ടി മുക്കാടൻ
കേളകം: 1964 ജനുവരി ഒന്ന് മുതൽ 1978 വരെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച കുടിയേറ്റ ജനതയുടെ നായകൻ കേളകത്തെ ജോർജുകുട്ടി മുക്കാടൻ പിന്നിട്ട കാലം ഓർക്കുകയാണ്. ഇപ്പോൾ കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകൾ അക്കാലത്ത് കാപ്പാട് പഞ്ചായത്ത് എന്ന ഒറ്റ പഞ്ചായത്തായിരുന്നു. കാപ്പാട് പഞ്ചായത്ത് പ്രസിഡന്റായി കുടിയേറ്റ കർഷകരുടെ ആവേശമായ മലനാട് കർഷക യൂനിയന്റെ നേതൃത്വത്തിലായിരുന്നു.
1963 നവംബർ 23ന് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. 1964 ജനുവരി ഒന്നിന് ഫലപ്രഖ്യാപനം. അന്ന് മുതൽ 1978 വരെ പ്രസിഡന്റായിരുന്നു. കാപ്പാട് പഞ്ചായത്തിൽ ആകെ ജനസംഖ്യ 8000 ൽ താഴെ. പ്രചാരണത്തിന് വാഹനമില്ലാത്ത കാലം. കുന്നും മലയും കയറിയിറങ്ങി കർഷകരെ നേരിൽ കണ്ടുള്ള പ്രചാരണം. കർഷകർ ഒറ്റക്കെട്ടായി അണിനിരന്ന് മലനാട് കർഷക യൂനിയന്റെ സ്ഥാനാർഥികളെ വിജയിപ്പിച്ചു. അവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏകയാൾ എട്ടാം വാർഡിൽ വിജയിച്ച ജോർജ് കൂട്ടി മുക്കാടൻ മാത്രം.
89ാം വയസ്സിലും ആവേശം മുഖത്തുണ്ട്. പ്രതിവർഷം പഞ്ചായത്തിന് സർക്കാറിൽനിന്ന് പദ്ധതി ചെലവിനു ലഭിച്ചിരുന്നത് 5000 രൂപയിൽ താഴെ. പ്രസിഡന്റിനും മെംബർമാർക്കും മാസത്തിൽ അഞ്ചുരൂപ പ്രതിഫലം. ഓലക്കുടിലുകൾ മാത്രമുണ്ടായിരുന്ന മലയോരത്ത് പഞ്ചായത്തിന് വരുമാനവുമുണ്ടായിരുന്നില്ല.കുടിയേറ്റ കർഷകരെ കൊട്ടിയൂരിൽനിന്ന് കുടിയിറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമര പരമ്പരകൾ നയിച്ച ഫാ. വടക്കൻ, ബി. വെല്ലിംഗ്ടൻ എന്നിവരുടെ സന്തത സഹചാരിയാണ് ഇദ്ദേഹം.


