തെങ്ങ് കർഷകർക്ക് ഭീഷണിയായി കുരങ്ങ് കൂട്ടങ്ങൾ
text_fieldsകേളകം: മലയോരത്തെ കൃഷിയിടങ്ങളിൽ വാനരപ്പട കൈയടക്കി വിള നശിപ്പിച്ച് വിഹരിക്കുമ്പോൾ പ്രതിഷേധവും നൊമ്പരവും ഉള്ളിലൊതുക്കി കർഷക സമൂഹം. കണിച്ചാർ, കൊട്ടിയൂർ,ആറളം, കോളയാട്, കേളകം പഞ്ചായത്തുകളിലാണ് കുരങ്ങിന്‍കൂട്ടം തെങ്ങിന് തോപ്പിലെത്തി കരിക്കുകളും ഇളനീരുമെല്ലാം വ്യാപകമായി നശിപ്പിക്കുന്നത്.
കുരങ്ങിന് കൂട്ടം ബാക്കിയാക്കി പോകുന്ന തേങ്ങകള്‍ പറിക്കാന്‍ ആളെ വിളിക്കാറില്ല. കാരണം തെങ്ങുകയറ്റ കൂലി കൊടുത്തു കഴിഞ്ഞാല്‍ നഷ്ടമായിരിക്കും ഫലം. ഒരുതെങ്ങ് കയറാന്‍ 40 രൂപയാണു നല്‍കേണ്ടത്. പൊഴിഞ്ഞുവീഴുന്ന തേങ്ങ ശേഖരിക്കാമെന്നുവച്ചാല്‍ അതു കാട്ടുപന്നിയും തിന്നും.
മടപ്പുരച്ചാല്‍, പെരുമ്പുന്ന, ഓടം തോട്ഭാഗത്തെ എല്ലാ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വാഴ, മരച്ചീനി, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവയും കുരങ്ങുകള്‍ നശിപ്പിക്കുകയാണ്. വാഴക്കന്നുകള്‍ കീറി ഉള്ളിലെ കാമ്പ് തിന്നുന്നു. കൂടാതെ മൂപ്പെത്താത്ത വാഴക്കുലകളും നശിപ്പിക്കുകയും ഇലകള്‍ കീറുകയും ചെയ്യുന്നു.
രണ്ടു മൂന്നു ദിവസം ഒരു തോട്ടത്തില്‍ തമ്പടിച്ച് കൃഷി മുഴുവന്‍ നശിപ്പിച്ച് കഴിയുമ്പോള്‍ അടുത്ത തോട്ടം ലക്ഷ്യമാക്കി നീങ്ങും. ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചാല്‍ അക്രമാസക്തരായി കൂട്ടത്തോടെ പിന്തുടര്ന്ന് ആക്രമിക്കും. മലയോരത്തെ എല്ലാ സ്ഥലങ്ങളിലും വാനരപ്പടയുടെ ശല്യം രൂക്ഷമാണ്. വീടുകളിലെ ജനലുകളും വാതിലുകളും തുറന്നിടാന്‍ കഴിയാത്ത സ്ഥിതിയാണ്.
വീടിനുള്ളില്‍ കയറി ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും തിന്നുക മാത്രമല്ല വസ്ത്രമുള്പ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നതും പതിവാണ്. ശാന്തിഗിരി മേഖലയിലെ വാഴത്തോട്ടങ്ങളിൽ നാശം വിതച്ച കുരങ്ങ് കൂട്ടം നിലവിൽ കൊക്കോ കൃഷിക്കും ഭീഷണിയായി. കൊക്കോയുടെ പച്ചക്കായകൾ തിന്ന് തീർക്കുകയാണ് വാനരപ്പട.