വിളനാശം നേരിട്ട കർഷകർക്ക് ഓണത്തിനും സഹായമില്ല
text_fieldsകേളകം: വിളനാശം നേരിട്ട കർഷകർക്ക് ഓണത്തിനും സഹായം നൽകാതെ സർക്കാർ അവഗണന. വിള ഇൻഷൂറൻസ് നഷ്ടപരിഹാരമായി നൽകാനുള്ള കോടിക്കണക്കിന് രൂപക്ക് പുറമെ സർക്കാറിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള ഫണ്ടും മൂന്നു വർഷത്തിലധികമായി മുടങ്ങി. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലധികം കർഷകർക്കാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. ഓണക്കാലമായിട്ടും നഷ്ടപരിഹാരം ലഭിക്കാതായതോടെ കർഷകർ പ്രതിസന്ധിയിലാണ്.
ജില്ലയിൽ ആയിരക്കണക്കിന് കർഷകർ പ്രകൃതിക്ഷോഭത്തിൽ കാർഷിക വിളകൾ നശിച്ച് സർക്കാർ സഹായം കാത്തിരിക്കുകയാണ്. പ്രകൃതി ക്ഷോഭത്തില്‍ കനത്ത കൃഷിനാശമാണ് കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, ആറളം, പേരാവൂർ, കോളയാട്, പായം, അയ്യങ്കുന്ന് തുടങ്ങി വിവിധ പഞ്ചായത്തുകളിലുണ്ടായത്.
കാര്‍ഷിക വിളകള്‍ നശിച്ചത് മൂലം ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാര തുക ഒന്നും തന്നെ ലഭ്യമായിട്ടില്ല. കൃഷി നാശത്തിന്റെ കണക്കുകള്‍ അതത് കൃഷിഭവനുകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർ നടപടി ഇഴയുകയാണ്. വിളനാശത്തിന്റെ നഷ്ടപരിഹാരം ഇനിയെങ്കിലും അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.