‘ഓപറേഷൻ ഗജമുക്തി’ നിലച്ചു; ആറളം പുനരധിവാസ മേഖലയിൽ ആനക്കലി തുടരുന്നു
text_fieldsകേളകം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച ‘ഓപറേഷൻ ഗജമുക്തി’ പദ്ധതി നിലച്ചതോടെ ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനകളുടെ പരാക്രമം തുടരുന്നു. ആറളം ഫാമിലെ കാർഷിക വിളകളെയും ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങളെയും സംരക്ഷിക്കാൻ വനം വകുപ്പ് നടപ്പാക്കിയ ഗജമുക്തി പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി പത്തോളം ആനകളെ വനത്തിലേക്ക് തുരത്തിയെങ്കിലും അവ കൂട്ടത്തോടെ മടങ്ങിയെത്തി നാശം വിതക്കുന്നതാണ് നിലവിലെ അവസ്ഥ.
ആറളം ഫാമിലും പുനരധിവാസ മേഖലയിലും ആനക്കലിക്ക് അറുതിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഫാമിലും പുനരധിവാസ മേഖലയിലും കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടരുമ്പോൾ ജനങ്ങൾ ഭീതിയിലാണ്. ബ്ലോക്ക് ഏഴിലും പതിനൊന്നിലും കഴിഞ്ഞ ദിവസം നിരവധി കായ്ഫലമുള്ള തെങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചു. ആറളം കാർഷിക ഫാമിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറിലധികം തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിച്ചത്.
കഴിഞ്ഞ ആറ് വർഷത്തിനിടെ ആറളം ഫാമിങ് കോർപറേഷന് കീഴിലുള്ള ആറളം ഫാമിൽ പന്ത്രണ്ടായിരം തെങ്ങുകളാണ് കാട്ടാനകൾ തകർത്തത്. കാട്ടാനശല്യംമൂലം ആറളം ഫാം തരിശാകുമ്പോഴും ഫാമിനെ രക്ഷിക്കാൻ അധികൃതർ തുടരുന്ന നിസ്സംഗതയിൽ നിരാശരാണ് ആറളത്തെ തൊഴിലാളികളും ജീവനക്കാരും.


