ആറളത്ത് കാട്ടാനകളെ തടയാൻ നിർമിച്ച സോളാർ ഫെൻസിങ് നശിപ്പിച്ചു
text_fieldsആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13ൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച സോളാർ വേലി നശിപ്പിച്ച നിലയിൽ
കേളകം: ആറളം പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിർത്തി പങ്കിടുന്ന കോട്ടപ്പാറ മുതൽ 13ാം ബ്ലോക്ക് വരെ അഞ്ചര കിലോമീറ്റർ ദൂരത്തിൽ ഒന്നര മാസം മുൻപ് സ്ഥാപിച്ച സോളാർ ഫെൻസിങ് നശിപ്പിച്ച നിലയിൽ.
36 ലക്ഷം രൂപ മുടക്കി പുതുതായി സ്ഥാപിക്കുന്ന രണ്ട് ലൈൻ ഫെൻസിങിന്റെ നിർമാണത്തിനായാണ് നിലവിലെ സോളാർ ഫെൻസിങ് നശിപ്പിച്ചതെന്നാണ് പരാതി. ബ്ലോക്ക് 13ൽ വെള്ളിയും ലീലയും കാട്ടാന ആക്രമത്തിൽ മരണപ്പെട്ടതിനെത്തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച സോളാർ ഫെൻസിങാണ് നശിപ്പിച്ചത്. മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു അഞ്ചരകിലോമീറ്റർ സോളാർവേലി നിർമിച്ചത്.
സോളാർ വേലി സ്ഥാപിച്ചതോടെ ഇതുവഴി പുനരധിവാസ മേഖലയിലേക്ക് കാട്ടാനകളെത്തുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാൻ വനംവകുപ്പിന് കഴിഞ്ഞിരുന്നു. എന്നാൽ, പുതിയ വേലിനിർമാണത്തിന്റെ പേരിൽ പഴയ വേലി നശിപ്പിച്ചതോടെ ഇതുവഴി വീണ്ടും കാട്ടാനകൾ മേഖലയിലേക്കെത്തുന്നത് പതിവായിരിക്കുകയാണ്.
പുതിയ വേലി നിർമാണം തുടങ്ങാതെ വേലി നിർമിക്കേണ്ട സ്ഥലത്തെ മരങ്ങളും മറ്റും ജെ.സി.ബി ഉപയോഗിച്ച് മാറ്റുന്നതിനിടയിൽ അശ്രദ്ധമായാണ് നിലവിലെ സോളാർ വേലി തകർത്തിരിക്കുന്നത്.
പുതിയ സോളാർ വേലി നിർമിക്കുകയോ ആദ്യം നിർമിച്ച വേലി അഴിച്ചുമാറ്റുകയോ ചെയ്യാതെ ജെ.സി.ബി ഉപയോഗിച്ച് നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പഴയ സോളാർ വേലിയുടെ കമ്പിയും തൂണും ഉൾപ്പെടെയുള്ളവ അടിയന്തര ഘട്ടത്തിൽ മറ്റൊരിടത്ത് ഉപയോഗിക്കാനാകും.
ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. കമ്പിയും ഇരുമ്പുതൂണുകളിൽ പലതും ഉപയോഗിക്കാനാകാത്ത വിധം നശിപ്പിച്ചിരിക്കുകയാണ്. ഇതിനെകുറിച്ച് അന്വേഷണം നടത്തണമെന്നും നശിപ്പിക്കപ്പെട്ട സോളാർ വേലിയുടെ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.