കാടിറങ്ങി കാട്ടുപോത്തുകൾ; പാതയോരങ്ങളിൽ കാട്ടുപോത്തുകളുടെ സ്ഥിരസാന്നിധ്യം
text_fieldsകോളയാട് - നിടുംപൊയിൽ പാതയോരത്ത് തമ്പടിച്ച കാട്ടുപോത്തുകൾ
കേളകം: ജനവാസമേഖലകളില്‍ ആശങ്ക സൃഷ്ടിച്ചുകൊണ്ട് കാട്ടുപോത്തുകളും കോളയാട് പഞ്ചായത്തിലെ പെരുവ, പാലയത്തവയല്, കടലുകണ്ടം മേഖലയില്‍ കാട്ടുപോത്തിന്റെ വിഹാരം തുടർക്കഥയാവുന്നു. കാട്ടുപോത്തുകളുടെ ശല്യം കാരണം നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന പാതയോരത്തും രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടുപോത്തുകൾ കൂട്ടമായെത്തുന്നത് യാത്രക്കാർക്കും അമ്പരപ്പായി.
ആഴ്ചകളായി തുടരുന്ന കാട്ടുപോത്തുകളുടെ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ വനം വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. വീടുകളുടെ മുറ്റത്ത് വരെ എത്തുന്ന കാട്ടുപോത്തുകളില്നിന്നും തലനാരിഴക്കാണ് നാട്ടുകാര്‍ രക്ഷപ്പെടുന്നത്. കാട്ടുപോത്തുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് പതിവായതോടെ ചങ്ങലഗെയിറ്റ് പെരുവ റോഡിലൂടെയുള്ള യാത്ര തന്നെ ഭീതിയിലാണ്. സന്ധ്യയാകുന്നതോടെയാണ് ഇവ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് കൊട്ടിയൂർ മേഖലയിൽ കാട്ടുപോത്തുകൾ കൂട്ടമായി എത്തിയിരുന്നു. കൂടാതെ കണ്ണവം വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവായത് ജനജീവിതത്തിനും ഭീഷണിയായി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കഴിഞ്ഞ കൊല്ലം ഒരാൾ കോളയാട് പെരുവയിൽ കൊല്ലപ്പെട്ടിരുന്നു.
കോളയാട് മേഖലയിലെ കാട്ടുപോത്തുകളുടെ ബാഹുല്യം നിലവിൽ കർഷകർക്കും പൊതുജനങ്ങൾക്കും ഭീതി വിതച്ച നിലയിലാണ്.


