ആറളം ഫാമിനെ തരിശാക്കി കാട്ടാനക്കൂട്ടം; രണ്ടു ദിവസം കൊണ്ട് തകർത്തത് 50 തെങ്ങുകൾ
text_fieldsപ്രതീകാത്മക ചിത്രം
കേളകം: ആറളം ഫാമിൽ കാട്ടാനക്കലിയിൽ കൃഷി ഭൂമി തരിശാവുന്ന ദയനീയ കാഴ്ച. ആറളം ഫാമിന്റെ നട്ടെല്ല് തകർക്കും വിധം കാട്ടാനകളുടെ ആക്രമണം തുടരുകയാണ്. ഫാമിന്റെ ഒന്നാം ബ്ലോക്കിൽ കഴിഞ്ഞ രാത്രി 30 തോളം തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. ബ്ലോക്ക് രണ്ടിൽ 20 തെങ്ങുകളും. ബ്ലോക്ക് ആറിൽ 30 റബർ മരങ്ങളും കാട്ടാനകൾ നശിപ്പിച്ചതായി ആറളം ഫാമിങ് കോർപറേഷൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ നിധീഷ് കുമാർ അറിയിച്ചു.
ഇവിടെ തെങ്ങുകൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പാലപ്പുഴ പുഴയോട് ചേർന്ന ഭാഗത്താണ് ആനകളുടെ വിളയാട്ടം. വനമേഖലയിൽ നിന്നും കിലോമീറ്റർ മാറിയുള്ള പ്രദേശത്താണ് കാട്ടാനകൾ കൂട്ടത്തോടെ ആക്രമണം അഴിച്ചു വിട്ടത്. മോഴയാനയും മൊട്ടുകൊമ്പനും ഉൾപ്പെടെയുളള 10 ഓളം ആനകളാണ് മേഖലയിൽ നാശം വിതക്കുന്നത്. ഒരാഴ്ചക്കിടയിൽ നൂറിലധികം തെങ്ങുകൾ തകർത്തു കഴിഞ്ഞു.
പൈപ്പുകൾ ആന ചവിട്ടിപൊട്ടിച്ചു: മഴപെയ്യുമ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടം
പേരാവൂർ: മഴ പെയ്യുമ്പോഴും ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11ലെ താമസക്കാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കിലോമീറ്ററുകളോളം പൈപ്പിട്ട് വെള്ളമെത്തിച്ചിരുന്ന കുടുംബങ്ങളുടെ പൈപ്പുകൾ ആന ചവിട്ടിപ്പൊട്ടിച്ചതോടെ ബ്ലോക്ക് 11ലെ ഓമന മുക്ക് ഭാഗത്തെ അഞ്ചോളം കുടുംബങ്ങൾക്കാണ് കുടിവെള്ളം മുട്ടിയത്. ഫാമിന്റെ സ്ഥലത്തെ ഉറവയിൽ നിന്നാണ് ഈ കുടുംബങ്ങൾ വെള്ളം ശേഖരിച്ചിരുന്നത്. ഇവിടെ നിന്നുള്ള പൈപ്പുകളാണ് ആനകൾ നശിപ്പിച്ചത്. ആറോളം വരുന്ന ആനക്കൂട്ടം മേഖലയിൽ തമ്പടിച്ചിരിക്കുന്നത് കാരണം പൊട്ടിച്ച പൈപ്പുകൾ പുനഃസ്ഥാപിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവർ .
ബ്ലോക്ക് 11ലെ തന്നെ നാലോളം കുടുംബങ്ങൾക്കാകട്ടെ വഴിയും വെള്ളവുമില്ല. കീഴ്പ്പള്ളി ഓടംതോട് റോഡിൽ ചെക്പോസ്റ്റിന് സമീപത്തു താമസിക്കുന്ന കുടുംബങ്ങൾ ടാർപ്പായ കെട്ടിയാണ് മഴയുള്ളപ്പോൾ വെള്ളം ശേഖരിക്കുന്നത്. രാത്രി മയങ്ങിയാൽ ഏതുനിമിഷവും ആന വീട്ടുമുറ്റത്ത് ഉണ്ടാകും. കണ്ടും അനുഭവിച്ചും ഭയം മാറിയ ആദിവാസികൾ ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ജലജീവൻ പദ്ധതി പ്രകാരം പുനരധിവാസ മേഖലയിൽ നിർമിച്ച കുടിവെള്ള പദ്ധതികൾ എല്ലാം കാടുകയറി നശിച്ചുകൊണ്ടിരിക്കുകയാണ്.
എടപ്പുഴ, വാളത്തോട് മേഖലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
ഇരട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ, വാളത്തോട് മേഖലയിൽ രണ്ടു ദിവസമായി കാട്ടാനകൾ കൃഷിയിടത്തിലെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നു. വാളത്തോട്, എടപ്പുഴ ഭാഗങ്ങളിലെ ഇമ്മാനുവൽ മങ്കന്താനം, ഫിലോമിന തകിടിയേൽ എന്നിവരുടെ കൃഷിസ്ഥലത്താണ് ആനകൾ നാശം വിതച്ചത്. വാഴ, കവുങ്ങ്, തെങ്ങ്, കപ്പ, ഇഞ്ചി തുടങ്ങിയവയാണ് നശിപ്പിച്ചത്. വാളത്തോട് ടൗണിൽ നിന്നും 500 മീറ്റർ മാറിയുള്ള വീടിന്റെ മുറ്റത്താണ് കാട്ടാന എത്തിയത്. 50 ഓളം വാഴകളും കവുങ്ങും നശിപ്പിച്ചു.
ഇമ്മാനുവൽ മങ്കന്താനത്തിന്റെ കൃഷിയിടത്തിൽ വനപാലക സംഘം പരിശോധന നടത്തുന്നു
ഇമ്മാനുവൽ മങ്കന്താനത്തിന്റെ വീടിന്റെ പിൻവശത്ത് ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാന എത്തിയത്. വീടിനോട് ചേർന്ന കപ്പ, വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആന കാട്ടിലേക്ക് തിരികെ പോകാതെ മേഖലയിൽ തന്നെ ചുറ്റിത്തിരിയുകയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി നിർമിക്കുന്ന സോളാർ തൂക്കുവേലിയുടെ വാളത്തോട് മേഖലയിലെ നിർമാണം പൂർത്തിയാക്കിയിട്ടില്ല. ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ. രാഹുൽ, വാച്ചർമാരായ ജോൺസൺ, അജിൽ, അദിൽജിത്ത്, പി.ആർ.ടി അംഗം ജോബി കുന്നുംപുറം എന്നിവർ സ്ഥലം സന്ദർശിച്ചു.


