കിൻഫ്ര സ്ഥലമേറ്റെടുക്കൽ; കോടികൾ നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ സൂപ്രണ്ടിന്റെ റിപ്പോർട്ട്
text_fieldsകണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിന് സ്ഥലമേറ്റെടുത്തതിന്റെ മറവിൽ വൻ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയതിനു പിന്നാലെ മാസങ്ങൾക്കുശേഷം കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. സ്പെഷൽ തഹസിൽദാർ എൽ.എ (കിൻഫ്ര) ചാലോട് ഓഫിസിലെ റവന്യൂ ഇൻസ്പെക്ടറായിരുന്ന ഷാജി, വാല്വേഷൻ അസിസ്റ്റന്റായിരുന്ന പ്രദീപൻ, തഹസിൽദാരായിരുന്ന ഷെർലി എന്നിവർക്കെതിരെ മുണ്ടയാടൻ രാജൻ എന്നയാൾ നൽകിയ പരാതിയിലാണ് റവന്യൂ വിജിലൻസ് അന്വേഷണം നടത്തിയത്.
വിജിലൻസ് കോഴിക്കോട് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇതിന്റെ റിപ്പോർട്ട് ജില്ല കലക്ടർക്ക് കൈമാറി മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ല. 672 പേരുടെ ഭൂമി ഏറ്റെടുപ്പിൽ 260 പേരുടെ ഭൂമിക്ക് മതിയായ രേഖകളില്ലെന്ന് പറഞ്ഞ് 82 കോടി രൂപ കോടതിയിൽ നിക്ഷേപിച്ചു. ഇതിൽ നാലുപേർ മാത്രമാണ് രേഖ ഹാജരാക്കി നഷ്ടപരിഹാരത്തുക കൈപ്പറ്റിയത്. ഏറ്റെടുത്ത എല്ലാ സ്ഥലത്തിന്റെയും പരിശോധന പൂർത്തിയാക്കി തയാറാക്കിയ 200 ലധികം മഹസ്സർ സാക്ഷികൾ ഒരാളാണെന്നും മുഴുവൻ മഹസ്സറുകളും സ്ഥലം സന്ദർശിച്ച് തയാറാക്കിയത് ഷാജി എന്ന ഉദ്യോഗസ്ഥനാണെന്നും കണ്ടെത്തി. ഇക്കാലയളവിൽ കിൻഫ്ര ഓഫിസിൽ മറ്റ് റവന്യൂ ഇൻസ്പെക്ടർമാർ ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു. ഇത് ഗുരുതരവീഴ്ചയും സംശയമുളവാക്കുന്നതാണെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവുകൊണ്ടാണ് കോടിക്കണക്കിന് രൂപ സർക്കാറിന് നഷ്ടമുണ്ടാക്കിയതെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. ഇത്രയും വലിയ അഴിമതി ഉദ്യോഗസ്ഥർ നടത്തിയതായി വിജിലൻസ് കണ്ടെത്തി റിപ്പോർട്ട് കലക്ടറേറ്റിൽ നൽകിയിട്ടും നടപടി വൈകിപ്പിക്കുകയായിരുന്നു.
അതിനിടെ, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വൈകുന്നതായി കാണിച്ച് ചാലാട് സ്വദേശി മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് ജൂൺ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കലക്ടർ കലാ ഭാസ്കർ സീനിയർ സൂപ്രണ്ടിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. വിജിലൻസിന്റെ കണ്ടെത്തൽ പൂർണമായി ശരിവെക്കുന്നതാണ് സൂപ്രണ്ടിന്റെയും റിപ്പോർട്ട്. അന്നത്തെ പട്ടാനൂർ വില്ലേജ് ഓഫിസർക്കെതിരെ ഉയർന്ന പരാതികൾ ശരിവെക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് കലക്ടർ ലാൻഡ് റവന്യൂ കമീഷണർ മുഖേന സർക്കാറിന് സമർപ്പിക്കും. വൈകാതെ കർശന നടപടി ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുമെന്നാണ് വിവരം.


