ഇതു കള്ളൻ കൗൺസിലർ...
text_fieldsസ്കൂട്ടറിൽ മുഖം മറച്ച് മോഷണത്തിന് പോകുന്ന പ്രതി
കൂത്തുപറമ്പ്: നഗരസഭ കൗൺസിലർ മോഷണ കേസിൽ പിടിയിലായതറിഞ്ഞ ഞെട്ടലിലാണ് കൂത്തുപറമ്പ് മൂര്യാട് പ്രദേശത്തുകാർ. നാലാം വാർഡായ നൂഞ്ഞുമ്പായിയിലെ സി.പി.എം കൗൺസിലർ മൂര്യാട് സ്വദേശി ഡാലിയയിൽ പി.പി. രാജേഷാണ് മോഷണ കേസിൽ പിടിയിലായത്. ജനപ്രതിനിധിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ നേതാവ് പിടിച്ചുപറി കേസിൽ പ്രതിയാകുന്നത് സംസ്ഥാനത്തുതന്നെ അപൂർവ സംഭവമാണ്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കാണ് ടൗണിലെ കണിയാർ കുന്നിലുള്ള വയോധികയുടെ സ്വർണമാല പൊട്ടിച്ചത്. ഈ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് രാജേഷ്. സാമൂഹികക്ഷേമ പെൻഷൻ നൽകുന്നതിനായി കവർച്ചക്കിരയായ കണിയാർ കുന്നിലെ കുന്നുമ്മൽ വീട്ടിൽ പി. ജാനകിയുടെ വീട്ടിൽ ഇയാൾ ചിലപ്പോഴൊക്കെ എത്തിയിരുന്നു.
പാർട്ടി പരിപാടികൾ അറിയിക്കുന്നതിനും ലോക്കൽ കമ്മിറ്റിയംഗമെന്ന നിലയിൽ എത്തിയിരുന്നു. വീട്ടുകാരുമായി നല്ല സൗഹൃദമുണ്ടായിരുന്ന ഇയാൾ മോഷണം നടന്ന ശേഷമുള്ള തിരച്ചിലിലും പങ്കെടുത്തു. ജാനകിയുടെ മാല കവരുന്നതിനായി മഴക്കോട്ടും ഹെൽമറ്റും കൈയ്യുറയും ധരിച്ചാണ് സ്കൂട്ടറിൽ എത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച 12.45ന് വീടിന്റെ പിന്നാമ്പുറത്തുനിന്ന് മീൻ മുറിക്കുകയായിരുന്ന ജാനകിയുടെ പിൻകഴുത്തിൽ പിടിക്കുകയും മാല പൊട്ടിച്ചു റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ രക്ഷപ്പെടുകയുമായിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് മറച്ചിരുന്നെങ്കിലും നീലകളർ സ്കൂട്ടർ പൊലീസ് അന്വേഷണത്തിൽ തിരിച്ചറിയുകയായിരുന്നു. കുത്തുപറമ്പ് എ.സി.പി കെ.വി. പ്രമോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ പി.പി. രാജേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. കവർച്ച ചെയ്ത ഒരുപവൻ മാല ഇയാളിൽനിന്ന് കണ്ടെടുത്തു.


