മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; തൊക്കിലങ്ങാടി നടപ്പാത നിർമാണം മുടങ്ങില്ല
text_fieldsകണ്ണൂർ: വിദ്യാർഥികളും നിരവധി വീട്ടുകാരും ഉപയോഗിക്കുന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി നടപ്പാതയുടെ നിർമാണത്തിന് മനുഷ്യാവകാശ കമീഷൻ ഇടപെടലിൽ സ്ഥലം വിട്ടുകൊടുത്തു. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദേശപ്രകാരമാണ് നടപ്പാതയുടെ നിർമാണത്തിന് കൂത്തുപറമ്പ് എജുക്കേഷൻ സൊസൈറ്റി സ്ഥലം വിട്ടുനൽകിയത്. ഇതോടെ തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹൈസ്കൂളിലെ കുട്ടികളും നിരവധി വീട്ടുകാരും ഉപയോഗിക്കുന്ന പാതയുടെ നിർമാണത്തിന് വഴിതെളിഞ്ഞു.
സ്വകാര്യവ്യക്തികളുടെ സ്ഥലം നടപ്പാത നിർമാണത്തിന് വിട്ടുകൊടുക്കാത്തത് കാരണം കൂത്തുപറമ്പ് നഗരസഭ അനുവദിച്ച 2023-24 വർഷത്തെ 28 ലക്ഷം രൂപയുടെ പദ്ധതി നഷ്ടപ്പെട്ടതിനെ തുടർന്നാണ് കമീഷൻ ഇടപെട്ടത്. നടപ്പാതയുടെ 60 മീറ്റർ വയൽ ഭാഗമാണ്. എജുക്കേഷൻ സൊസൈറ്റി ഒഴികെ ബാക്കിയുള്ളവർ സ്ഥലം വിട്ടുകൊടുത്തതായി നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു. അതിനാൽ നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല. കമീഷൻ ജൂൺ 21ന് കണ്ണൂരിൽ നടത്തിയ സിറ്റിങ്ങിൽ സൊസൈറ്റി പ്രസിഡന്റിനെ നേരിൽ കേട്ടു. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദേശപ്രകാരം ജൂലൈ 18ന് നടന്ന സിറ്റിങ്ങിൽ നടപ്പാതക്ക് സ്ഥലം വിട്ടുകൊടുത്തുകൊണ്ടുള്ള രേഖകൾ സൊസൈറ്റി അധികൃതർ കമീഷനിൽ ഹാജരാക്കി.
അടുത്ത പ്രോജക്റ്റ് റിവിഷനിൽ നടപ്പാത നിർമാണത്തിന് അംഗീകാരം നൽകുന്നതാണെന്ന് സിറ്റിങ്ങിൽ ഹാജരായ നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച സാഹചര്യത്തിൽ ഉടൻ നടപ്പാത നിർമാണം ആരംഭിക്കണമെന്ന് കമീഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. സ്വീകരിച്ച നടപടികൾ നഗരസഭ സെക്രട്ടറി മൂന്നുമാസത്തിനകം കമീഷനെ അറിയിക്കണം. കാസർകോട് സ്വദേശി സരസ്വതി വാകയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.


