കൂത്തുപറമ്പ് അഗ്നിരക്ഷാ നിലയത്തിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു
text_fieldsകൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം നിർമിക്കുന്നതിനാവശ്യമായ ഭൂമിയുടെ
രേഖ ജില്ല ഫയർ ഓഫിസർക്ക് കൈമാറുന്നു
കൂത്തുപറമ്പ്: കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം നിർമിക്കാനുള്ള സ്ഥലം വലിയവെളിച്ചത്ത് ലഭിച്ചു. ചെറുവാഞ്ചേരി വില്ലേജിൽ മിച്ചഭൂമിയിൽ ഉൾപ്പെട്ട 50 സെന്റ് സ്ഥലമാണ് കെട്ടിടനിർമാണത്തിന് കണ്ടെത്തിയത്.
കൂത്തുപറമ്പ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂര്യാട് റോഡിലെ കെട്ടിടത്തിലാണ് 2000 ആഗസ്റ്റ് അഞ്ചിന് അഗ്നിരക്ഷാനിലയം പ്രവർത്തനം ആരംഭിച്ചത്. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് കെട്ടിടത്തിലുണ്ടായിരുന്നത്.
ജീവനക്കാർക്ക് താമസിച്ച് ജോലി ചെയ്യാനും വകുപ്പിൽനിന്ന് ലഭ്യമായ വാഹനങ്ങളും ഉപകരണങ്ങളും സംരക്ഷിക്കുവാനുമായി അഗ്നിരക്ഷ നിലയത്തിന് പുതിയ കെട്ടിടമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. എന്നാൽ, പുതിയ കെട്ടിടം നിർമിക്കുന്നതിനായുള്ള സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും ചില സാങ്കേതിക തടസ്സം മൂലം നിർമാണം നടന്നില്ല. തുടർന്ന് കൂത്തുപറമ്പ് അഗ്നിരക്ഷാ നിലയത്തിന് സമീപത്ത് തന്നെ സ്ഥലം ലഭ്യമാകുന്നതിന് സർക്കാറിന് അപേക്ഷ സമർപ്പിച്ചു. പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി വില്ലേജിൽ വലിയവെളിച്ചത്തുള്ള മിച്ചഭൂമി പരിഗണിക്കാമെന്ന് ബന്ധപ്പെട്ടവർ ശിപാർശ ചെയ്യുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂണിൽ ബന്ധപ്പെട്ട അധികാരികൾ സ്ഥലത്ത് പരിശോധന നടത്തി. തുടർന്നാണ് വലിയ വെളിച്ചത്തെ 50 സെന്റ് മിച്ചഭൂമി സ്ഥലത്തിൽ അഗ്നിരക്ഷ നിലയത്തിന്റെ പുതിയ കെട്ടിടം നിർമിക്കാമെന്ന കലക്ടറുടെ ഉത്തരവായത്.സ്ഥലത്തിന്റെ ഉപയോഗ അനുമതിപത്രം ചെറുവാഞ്ചേരി വില്ലേജ് ഓഫിസർ പി.കെ. ഉണ്ണികൃഷ്ണൻ ജില്ല ഫയർ ഓഫിസർ എസ്.കെ. ബിജുമോന് കൈമാറി. സ്റ്റേഷൻഓഫിസർ പി. ഷാനിത്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജി.സി. സജീന്ദ്രൻ, സ്റ്റേഷൻ റൈറ്റർ എ.കെ. അഭിലാഷ്, ഓഫിസർമാരായ വി.കെ. ജോൺസൺ, സി. സരുൺ, വിപിൻ ജോസഫ് എന്നിവർ സംബന്ധിച്ചു.