കൂത്തുപറമ്പ് കുത്തക
text_fieldsകൂത്തുപറമ്പ് നഗരസഭ നിലവിൽവന്ന അന്ന് മുതൽ ഇടതിനൊപ്പമാണ്. 1990ലാണ് സ്പെഷൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കൂത്തുപറമ്പിനെ നഗരസഭയായി ഉയർത്തിയത്. 1995ലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണ്. നിലവിൽ 28 വാർഡുകളിൽ 26 എണ്ണവും എൽ.ഡി.എഫിനൊപ്പമാണ്. ഒന്ന് വീതം യു.ഡി.എഫും ബി.ജെ.പിയും. നേരത്തെ യു.ഡി.എഫിന് നാല് സീറ്റുകൾ വരെ ലഭിച്ചിരുന്നു. ഭൂരിപക്ഷം ഉയർത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ സീറ്റുകൾ വർധിപ്പിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം.
ഇത്തവണ ഒരു വാർഡ് കൂടി 29 എണ്ണത്തിലാണ് മത്സരം. സി.പി.എം-24 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. സി.പി.ഐ-മൂന്ന് സീറ്റിലും ഐ.എൻ.എല്ലും ആർ.ജെ.ഡിയും ഓരോ സീറ്റിലും ജനവിധി തേടും. 21ാം വാർഡായ പൂക്കോടിനെ സംബന്ധിച്ച് നേരത്തെ എൽ.ഡി.എഫിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞതവണ ആർ.ജെ.ഡിയിൽനിന്നുള്ള അംഗമാണ് കൗൺസിലറായത്. 2015ൽ ജെ.ഡി.എസിനായിരുന്നു സീറ്റ് നൽകിയത്. ഇത്തവണ ജനറൽ വാർഡായ ഇവിടെ ഇരുകക്ഷികളും അവകാശവാദമുന്നയിച്ചിരുന്നു.
യു.ഡി.എഫിൽ കോൺഗ്രസ് 21 വാർഡുകളിൽ മത്സരിക്കുന്നു. ആറ് വാർഡുകൾ മുസ്ലിം ലീഗിന് നൽകി. രണ്ടു വാർഡുകൾ നാഷനൽ ജനതാദളിനാണ്. എൻ.ഡി.എയിൽ ഒരു സീറ്റ് ബി.ഡി.ജെ.എസിന് നൽകി 28 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുന്നു.


