സിന്ധുവിനെ വനത്തിൽ കാണാതായിട്ട് രണ്ടാഴ്ച; തിരച്ചിലിന് റഡാറും
text_fieldsയുവതിയെ കണ്ടെത്താൻ റഡാറിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നു
കൂത്തുപറമ്പ്: രണ്ടാഴ്ചയായി കണ്ണവം വനത്തിനകത്ത് കാണാതായ യുവതിയെ കണ്ടെത്തുന്നതിനായി റഡാറിന്റെ സഹായത്തോടെ തിരച്ചിൽ നടത്തി. ദിവസങ്ങളായി പൊലീസും വനപാലകരും നാട്ടുകാരും കാട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് റഡാറിന്റെ സഹായത്തോടെയുള്ള പരിശോധന. ഡിസംബർ 31നാണ് കണ്ണവംനഗറിലെ പെരുന്നാൻ കുമാരന്റെ മകൾ എൻ. സിന്ധുവിനെ (40) വനത്തിനകത്ത് കാണാതായത്. കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സിന്ധുവിനെപ്പറ്റി പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള യുവതി വഴിതെറ്റി എങ്ങോട്ടെങ്കിലും എത്തിയിട്ടുണ്ടാകുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിതാവ് പരാതിയുമായി കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് കാണാതായ വിവരം പുറംലോകം അറിയുന്നത്. വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിൽ തണ്ടർബോൾട്ടും വനപാലകരും ഉൾെപ്പടെയുള്ള സംഘം ദിവസങ്ങളായി വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. ഉൾക്കാടുകൾ, ജലാശയങ്ങൾ, കിണറുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും തിരച്ചിൽ നടത്തി.
വഴിതെറ്റിയതാണെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനകം സമീപത്തെ ഏതെങ്കിലും നഗറുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ രണ്ടാഴ്ചയായിട്ടും വിവരം ഒന്നും ലഭിക്കാതായതോടെ ആശങ്കയിലാണ് കുടുംബവും നാട്ടുകാരും. യുവതിയുടെ വീട്ടിലെത്തിയ കെ.പി. മോഹനൻ എം.എൽ.എയും ജനപ്രതിനിധികളും സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സംഘവും കണ്ണവം വനത്തിലെത്തി തിരച്ചിൽ നടത്തിവരികയാണ്. കണ്ണവം സി.ഐ കെ.വി. ഉമേഷ്, ഫോറസ്റ്റ് ഓഫിസർ കെ. ജിജിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ ഊർജിതമാക്കിയിട്ടുള്ളത്.
ജനപ്രതിനിധികൾ, പ്രദേശവാസികൾ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവരും തെരച്ചലിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ചയും തണ്ടർ ബോൾട്ട്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും പങ്കെടുപ്പിച്ചു വ്യാപകതിരച്ചിലാണ് നടത്തിയത്.