മാങ്ങാട്ടിടത്ത് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
text_fieldsകൂത്തുപറമ്പ് മാങ്ങാട്ടിടത്ത് പൊലീസ് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ
കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ആറു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. കിണവക്കൽ വേങ്ങാട് റോഡിൽ ഉപ്പില പീടിക ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബ് എന്ന് കരുതുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മരത്തിന്റെ അടിഭാഗത്ത് ഒളിപ്പിച്ചനിലയിലായിരുന്നു ഇവ. ചൊവ്വാഴ്ച ഉച്ചക്ക് 12.30തോടെ തേങ്ങ ശേഖരിക്കാൻ പറമ്പിലെത്തിയ സ്ഥലയുടമ ഉപ്പില പീടികയിലെ പ്രകാശനാണ് ആദ്യം കാണുന്നത്.
തുടർന്ന് കൂത്തുപറമ്പ് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ. ഗംഗ പ്രസാദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ബോംബുകൾ വിദഗ്ധ സംഘമെത്തി നിർവീര്യമാക്കും.
നേരത്തേ നിർമിച്ച് സൂക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. രാഷ്ട്രീയ സംഘർഷങ്ങളോ അക്രമങ്ങളോ ഉണ്ടാവാത്തതാണ് ബോംബ് കണ്ടെത്തിയ ഉപ്പിലപീടിക പ്രദേശം. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തി. കൂത്തുപറമ്പ് എസ്.ഐ അഖിൽ, എ.എസ്.ഐ രജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.പി. രാജേഷ്, റാഷിദ്, ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.