ജില്ലയിൽ വൻതോതിൽ മയക്കുമരുന്ന് വില്പന; യുവാവ് അറസ്റ്റിൽ
text_fieldsഷമീർ
കണ്ണൂര്‍: ജില്ലയിൽ ഇരിക്കൂര്‍, മട്ടന്നൂര്‍ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. മട്ടന്നൂര്‍ ചാവശേരി നരയന്പാറയിലെ പി. ഷമീറിനെയാണ് (35) ഇന്‍സ്പെക്ടര്‍ എസ്. സിയാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 8.266 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷമീര്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. തെരൂര്‍, കോടോളിപ്രം ഭാഗങ്ങളില്‍ നടത്തിയ പരിശോധനക്കിടെ വെള്ളപറമ്പയില്വെച്ചാണ് പ്രതി പിടിയിലായത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പിടിയിലായയാളാണ് ഷമീര്‍. ജില്ലയിലെ മറ്റു വില്പനക്കാരില്നിന്ന് മെത്താംഫിറ്റമിന്‍ ശേഖരിച്ചാണ് ഇയാള്‍ വില്പന നടത്താറുള്ളത്.
മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. പ്രതിയെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഗ്രേഡ് അസി. ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് തൂണോളി, ആര്.പി. അബ്ദുല്‍ നാസര്‍, എം.സി. വിനോദ് കുമാര്‍, പ്രിവന്റിവ് ഓഫിസര്‍മാരായ പി.പി. സുഹൈല്‍, പി. ജലീഷ്, ഡ്രൈവര്‍ സി. അജിത്ത്, സിവില്‍ ഓഫിസര്‍മാരായ ശ്യാംരാജ്, പി. സീമ എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


