Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാട് ഹരിതാഭമാക്കാം;...

നാട് ഹരിതാഭമാക്കാം; വിനീഷിനെ മാതൃകയാക്കൂ

text_fields
bookmark_border
നാട് ഹരിതാഭമാക്കാം; വിനീഷിനെ മാതൃകയാക്കൂ
cancel
camera_alt

കൊളശ്ശേരി ബൈപാസിന് താഴെ വിനീഷ് ഒരുക്കിയ ഉദ്യാനം

തലശ്ശേരി: വഴിയോരം ഉദ്യാനമാക്കി തൊഴിലിനോടൊപ്പം ആത്മസംതൃപ്തി കണ്ടെത്തുകയാണ് കൊളശ്ശേരി വാഴയിൽ ഹൗസിൽ പി.കെ. വിനീഷ്. സ്വന്തം ജോലിത്തിരക്കുകൾക്കിടയിലും നാട് ഹരിതാഭമായി കാണാനാണ് ഗുഡ്സ് ഓട്ടോഡ്രൈവറായ വിനീഷിന്റെ ആഗ്രഹം. രാവിലെ നാട്ടുകാർ ഉറക്കമുണരുന്നതിന് മുമ്പേ കൈയിലൊരു ബക്കറ്റും വെള്ളവുമായി കൊളശ്ശേരി ബൈപാസിന് താഴെ വിനീഷ് എത്തും. നട്ടുവളർത്തുന്ന ചെടികൾ വെള്ളമൊഴിച്ച് പരിചരിക്കുകയാണ് പ്രഭാതത്തിലെ ആദ്യ ജോലി. നാട്ടുകാർക്കും ഇതുവഴി കടന്നുപോകുന്നവർക്കും കണ്ണിന് കുളിർമയേകുകയാണ് വിനീഷിന്റെ ഈ വഴിയോര ഉദ്യാനം.

തലശ്ശേരി-മാഹി ബൈപാസ് റോഡ് കടന്നുപോകുന്ന കൊളശ്ശേരി ടൗണിലെ ഏകദേശം 200 മീറ്ററോളം വരുന്ന സ്ഥലം ഒരുകാലത്ത് മാലിന്യങ്ങളും പാഴ് വസ്തുക്കളും കെട്ടിക്കിടന്ന ഇടമായിരുന്നു. ഈ പ്രദേശം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിനീഷിന്റെ ചിന്തയാണ് ഇന്ന് കാണുന്ന വസന്തത്തിന് വഴിമാറിയത്. സ്വന്തം കൈയിൽനിന്ന് പണമെടുത്ത് സ്ഥലം വൃത്തിയാക്കിയ വിനീഷ് ആദ്യം വെണ്ട, വഴുതിന, ചീര, പാവയ്ക്ക, മുള്ളങ്കി, കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.

ഇവയിൽനിന്ന് മികച്ച വിളവ് ലഭിച്ചതോടെ വാഴകൃഷിയിലേക്കും തിരിഞ്ഞു. കൃഷിയിൽനിന്ന് ലഭിച്ച വരുമാനം പൊതുപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും ഈ പ്രകൃതിസ്നേഹി താൽപര്യം കാണിച്ചു. ഒരു വർഷം മുമ്പാണ് പച്ചക്കറി കൃഷിയിൽനിന്ന് പൂന്തോട്ടം എന്ന ആശയത്തിലേക്ക് വിനീഷ് മാറുന്നത്. ശുചിത്വമുള്ള ഇടങ്ങളിൽ ആരും മാലിന്യം തള്ളില്ലെന്ന തിരിച്ചറിവിലായിരുന്നു ഈ മാറ്റം. ചെണ്ടുമല്ലി, ചെത്തി, തുളസി, കടലാസ് പൂക്കൾ, ചെമ്പരത്തി, കോളാമ്പി പൂവ്, മഞ്ഞമല്ലിക, നാലുമണിപ്പൂ, റോസ് എന്നിങ്ങനെ വൈവിധ്യമാർന്ന പൂക്കളാൽ സമൃദ്ധമാണ് ഈ പാതയോരം. കൊളശ്ശേരി ടൗണിലെ പാതയോരങ്ങളിൽ തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചതും വിനീഷാണ്. രാവിലെ അഞ്ചിനും വൈകീട്ട് അഞ്ചിന് ശേഷവും ചെടികൾ പരിചരിക്കും. കരയത്തിൽ നാരായണൻ മെമ്മോറിയൽ ലൈബ്രറിയിൽനിന്നാണ് ചെടികൾ നനക്കാനുള്ള വെള്ളം ശേഖരിക്കുന്നത്.

വിനീഷിന്റെ പരിശ്രമത്തിന് പിന്തുണയുമായി നാട്ടുകാരും ലൈബ്രറി പ്രവർത്തകരും ഒപ്പമുണ്ട്. ചെടിച്ചട്ടികളും വിത്തുകളും തൈകളും നൽകി അവർ വിനീഷിനെ പ്രോത്സാഹിപ്പിക്കുന്നു. വഴിയാത്രക്കാർക്ക് കൗതുകമായ ഈ പൂന്തോട്ടത്തിലെ ഒരു തൈ പോലും ആരും നശിപ്പിക്കാറില്ലെന്നത് വിനീഷിന്റെ പ്രയത്നത്തിന് നാട് നൽകുന്ന അംഗീകാരമാണ്. വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ശുചിത്വവും പ്രധാനമാണെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ഈ ഓട്ടോ തൊഴിലാളി. വിനീഷിന്റെ മാതൃക മറ്റുള്ളവരും പിന്തുടരുകയാണെങ്കിൽ നാട് മുഴുവൻ ഹരിതാഭമാക്കാം. മാലിന്യം വഴിയരികിൽ വലിച്ചെറിയുന്നത് ഇല്ലാതാക്കാനും ഇതുവഴി സാധിക്കും.

Show Full Article
TAGS:kannur Local News greenery 
News Summary - Let's make the country greener; make Vineesh an example
Next Story