വോട്ടെണ്ണൽ 20 കേന്ദ്രങ്ങളിൽ
text_fieldsകണ്ണൂർ: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച 20 കേന്ദ്രങ്ങളിൽ നടക്കും. ബ്ലോക്കുതലത്തിലുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെയും നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.ജില്ല പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ജില്ല കലക്ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റിലാണ് എണ്ണുക.ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്കുതലത്തിലുള്ള കേന്ദ്രത്തിലായിരിക്കും.
ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും.
തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂനിറ്റുകൾ മാത്രമാണ് സ്ട്രോങ് റൂമുകളിൽനിന്ന് ടേബിളുകളിൽ എത്തിക്കുക. സ്ട്രോങ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെനിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും.
വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകൾ ഓരോ കൗണ്ടിങ് ടേബിളിലും വെക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിലായിരിക്കും എണ്ണുക. സ്ഥാനാർഥിയുടെയോ നിയോഗിക്കപ്പെടുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് വോട്ടെണ്ണുക.
കൺട്രോൾ യൂനിറ്റിൽനിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്, ജില്ല പഞ്ചായത്ത് സ്ഥാനാർഥികളുടെയും വോട്ടുവിവരം ലഭിക്കും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറക്ക് വോട്ടുനില ഇലക്ഷൻ കമീഷൻ സൈറ്റിൽ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാനാകും.


