ഇത്തവണയും ആദ്യ വോട്ടറായി കെ.പി. മോഹനൻ
text_fieldsപുത്തൂർ ഇസ് ലാം ഹയാത്തുൽ മദ്റസയിലെ ഒന്നാം നമ്പർ
ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കെ.പി. മോഹനൻ എം.എൽ.എ പുറത്തേക്ക് വരുന്നു
പാനൂർ: പതിവുതെറ്റിക്കാതെ ഇത്തവണയും ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി കെ.പി. മോഹനൻ എം.എൽ.എ.വീട്ടിനടുത്തുള്ള പുത്തൂർ ഇസ് ലാം ഹയാത്തുൽ മദ്റസയിലെ ഒന്നാം നമ്പർ ബൂത്തിലാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. അതിരാവിലെ ബൂത്തിലെത്തി വരിനിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. പാനൂരിനടുത്ത കുന്നോത്തു പറമ്പ് പഞ്ചായത്തിലെ വാർഡ് 15ലെ വോട്ടറാണ് കെ.പി. മോഹനൻ.
നിയമസഭയിൽ മത്സരിക്കുമ്പോഴും ബൂത്തിൽ ആദ്യ വോട്ടറായി വോട്ടുരേഖപ്പെടുത്തിയാണ് മറ്റിടങ്ങളിൽ സന്ദർശനം നടത്താറ്. തദ്ദേശ തെരഞ്ഞെടുപ്പിലും ആ പതിവിൽ മാറ്റം വരുത്തിയില്ല. ഈ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് കെ.പി. മോഹനൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങൾ ഏറ്റെടുത്തുവെന്നും അതിന്റെ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പിൽ കാണാനാവുമെന്നും മോഹനൻ പറഞ്ഞു. ജില്ല പഞ്ചായത്ത് കൊളവല്ലൂർ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി രവീന്ദ്രൻ കുന്നോത്ത്, മുൻ കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ എന്നിവരും കൂടെയുണ്ടായിരുന്നു.


