പന്ന്യന്നൂർ; നേട്ടം നിലനിർത്താൻ എൽ.ഡി.എഫ്
text_fieldsപാനൂർ: ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകൾ മുഴുവനായും ന്യൂമാഹി പഞ്ചായത്തിലെ 12 വാർഡുകളും ചേർന്നതാണ് ജില്ല പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷൻ. കഴിഞ്ഞ തവണ 18,000ൽ പരം വോട്ടുകൾക്കാണ് സി.പി.എമ്മിലെ ഇ. വിജയൻ ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണയിൽനിന്ന് വ്യത്യസ്തമായി ഈ ഡിവിഷന്റെ ഘടനയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഇതിൽ പ്രതിപക്ഷമില്ലാത്ത പന്ന്യന്നൂർ, ഒരു യു.ഡി.എഫ് അംഗം മാത്രമുള്ള ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകൾ നിലവിൽ ഭരിക്കുന്നത് സി.പി.എമ്മാണ്. അനുകൂല ഘടകങ്ങൾ മുതലാക്കി ഭൂരിപക്ഷം വർധിപ്പിക്കാനാണ് എൽ.ഡി.എഫ് ശ്രമം.
സി.പി.എമ്മിലെ ചമ്പാട് കുന്നോത്തുമുക്കിൽ മടത്തിക്കണ്ടിയിൽ പി. പ്രസന്നയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. അംഗൻവാടി അധ്യാപികയാണ്. സി.പി.എം ചമ്പാട് ലോക്കൽ കമ്മിറ്റിയംഗം, കിഴക്കെ ചമ്പാട് ബ്രാഞ്ച് സെക്രട്ടറി, അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ചമ്പാട് വില്ലേജ് സെക്രട്ടറി, അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ല ജോയന്റ് സെക്രട്ടറി, ബാലസംഘം ജില്ല കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കരുത്ത് തെളിക്കാനായി യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത് മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി വിളക്കോട്ടൂരിലെ നിഷ നെല്ല്യാട്ടിനെയാണ്. 2015-2020 കാലയളവിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽനിന്നും കന്നി മത്സരത്തിൽ തന്നെ വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിട്ടുണ്ട്. ഈ പ്രവർത്തന പരിചയം തെരെഞ്ഞെടുപ്പ് ഗോദയിൽ കരുത്താവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എൻ.ഡി.എ സ്ഥാനാർഥിയായി മൽസരിക്കുന്ന ശ്രുതി പൊയിലൂരിന് ഇത് കന്നിയങ്കമാണ്. എ.ബി.വി.പി സംസ്ഥാന സമിതിയംഗം, യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.


