പഞ്ചായത്തുകളിൽ ഇടതിന് മേൽക്കൈ; നേട്ടം കൊയ്ത് യു.ഡി.എഫ്
text_fieldsകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 71 പഞ്ചായത്തുകളിൽ 49 ഇടങ്ങളിൽ എൽ.ഡി.എഫ് ഭരണം നേടിയപ്പോൾ 21 പഞ്ചായത്തുകൾ യു.ഡി.എഫ് നേടി. മുണ്ടേരി പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. ഇവിടുത്തെ ഭരണം നറുക്കെടുപ്പിലൂടെ തീരുമാനിക്കും. വാശിയേറിയ തെരഞ്ഞെടുപ്പാണ് ജില്ലയിൽ ഇത്തവണ ഉണ്ടായത്.
മുന്നണികൾ അരയും തലയും മുറുക്കി കളിയടവുകൾ പയറ്റിയപ്പോൾ മുന്നിലാണെങ്കിലും നിലവിലെ പല പഞ്ചായത്തുകളും എൽ.ഡി.എഫിന് നഷ്ടമായി. ഇടതു ഭരണത്തിലുണ്ടായിരുന്ന 57 പഞ്ചായത്തുകൾ 49 എണ്ണമായി കുറഞ്ഞു. യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന കടമ്പൂർ പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയിൽ 14 പഞ്ചായത്തുകളിലെ ഭരണം മാത്രമുണ്ടായിരുന്ന യു.ഡി.എഫ് എട്ട് പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്ത് 21 ലേക്കെത്തി നില മെച്ചപ്പെടുത്തി. നേട്ടത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് മുന്നണികൾ പഞ്ചായത്തുകളിലും കണ്ണൂരിലും പ്രകടനം നടത്തി.
എൽ.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകൾ
ചെറുതാഴം, ഏഴോം, കുഞ്ഞിമംഗലം, രാമന്തളി, കടന്നപ്പള്ളി, കരിവെള്ളൂർ, കാങ്കോൽ ആലപ്പടമ്പ്, എരമം കുറ്റുർ, പെരിങ്ങോം വയക്കര, പട്ടുവം, ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, പാപ്പിനിശ്ശേരി, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, മലപ്പട്ടം, കുറ്റ്യാട്ടൂർ, മയ്യിൽ, പടിയൂർ, ചിറക്കൽ, അഴീക്കോട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പെരളശ്ശേരി, ധർമടം, എരഞ്ഞോളി, കതിരൂർ, കോട്ടയം, പിണറായി, ചൊക്ലി, ന്യൂ മാഹി, മൊകേരി, പന്ന്യന്നൂർ, ചിറ്റാരിപറമ്പ്, മാങ്ങാട്ടിടം, പാട്യം, വേങ്ങാട്, കീഴല്ലൂർ, തില്ലങ്കേരി, കൂടാളി, പായം, കടമ്പൂർ, മുഴക്കുന്ന്, കോളയാട്, മാലൂർ, പേരാവൂർ. ഇതിൽ കടമ്പൂർ യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.
യു.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകൾ
ആലക്കോട്, ആറളം, അയ്യൻകുന്ന്, ചപ്പാരപ്പടവ്, ചെറുപുഴ, എരുവേശ്ശി, ഇരിക്കൂർ, കണിച്ചാർ, കൊളച്ചേരി, കേളകം, കൊട്ടിയൂർ, കുന്നോത്തുപറമ്പ്, മാടായി, മാട്ടൂൽ, നടുവിൽ, നാറാത്ത്, പയ്യാവൂർ, തൃപ്രങ്ങോട്ടൂർ, ഉദയഗിരി, ഉളിക്കൽ, വളപട്ടണം. ഇതിൽ ആറളം, ചെറുപുഴ, കണിച്ചാർ, കേളകം, കുന്നോത്തുപറമ്പ്, നാറാത്ത്, പയ്യാവൂർ, ഉദയഗിരി എന്നിവയാണ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തത്.


