മണ്ണും ജലവും നഷ്ടപ്പെട്ട് നാട്ടുകാർ
text_fieldsപ്രദേശത്തെ കിണറ്റിലെ വെള്ളമിറങ്ങിയപ്പോൾ പടവുകളിൽ വെളുത്ത നിറത്തിൽ കെമിക്കൽ പറ്റിപ്പിടിച്ച നിലയിൽ
പയ്യന്നൂർ: കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ കുണ്ടയം കൊവ്വൽ താഴെകുറുന്തിനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽനിന്ന് കെമിക്കലടങ്ങിയ മലിനജലം ഒഴുകിയെത്തി സമീപത്തുള്ള വീടുകളിലെ കിണറുകൾ മലിനമായതിന് പിന്നാലെ മണ്ണും ജനങ്ങൾക്കു ഭീഷണി. ഇവിലെ മാലിന്യം കുഴിച്ചിട്ട സ്ഥലത്ത് മനുഷ്യന് ഹാനികരമായ നിലയിൽ ലെഡിന്റെ അംശങ്ങൾ കണ്ടെത്തി. കുടിവെള്ളം മലിനമായതിനെ തുടർന്നുള്ള ദുരിതം നിലനിൽക്കെയാണ് മണ്ണു കൂടി ഭീതിപരത്തുന്നത്.
അതേസമയം പ്രദേശത്തെ കുടിവെള്ളത്തിന്റെ പരിശോധന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പ്രഥമിക പരിശോധനയിൽ കുടിവെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചിരുന്നു. കഴിഞ്ഞ മേയിലാണ് കിണർ ജലത്തിൽ മാലിന്യം കണ്ടെത്തിയത്. ദുരിതമനുഭവിക്കാൻ തുടങ്ങി നാലു മാസങ്ങൾ പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരമില്ലാത്തത് വൻ പ്രതിഷേധത്തിനിടയാക്കുന്നു. ഇതിനിടയിൽ കമ്പനി വീണ്ടും തുറക്കാൻ ശ്രമം നടക്കുന്നതായും നാട്ടുകാർ പറയുന്നു. കിണറും വെള്ളവുമുണ്ടായിട്ടും ദൂരെനിന്ന് വെള്ളം ചുമന്നെത്തിക്കേണ്ട ഗതികേടിലാണ് വീട്ടുകാർ. 20ഓളം വീടുകളിലെ കിണറുകളാണ് മലിനപ്പെട്ടത്.
ചൂരൽ ഭാഗത്തുനിന്നാണ് ഇപ്പോൾ കുടിവെള്ളം കൊണ്ടുവന്ന് ഉപയോഗിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്താണ് കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസവും ഗന്ധവും ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കമ്പനിയുടെ കെമിക്കലുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു പകരം കുഴിച്ചിട്ടതായി കണ്ടെത്തിയത്.
പ്രശ്നം പരിഹരിക്കണം -കോൺഗ്രസ്
കമ്പനി മൂലം നാട്ടുകാർക്കുണ്ടായ നഷ്ടവും ബുദ്ധിമുട്ടും പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാങ്കോൽ ആലപ്പടമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. . മണ്ഡലം പ്രസിഡന്റ് എൻ. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ഡിസിസി ജനറൽ സെക്രട്ടറി റഷീദ് കവ്വായി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ഉമ്മർ പെരിങ്ങോം, വയക്കര മണ്ഡലം പ്രസിഡന്റ് രവി പൊന്നംവയൽ യു.ഡി.എഫ് ചെയർമാൻ എ.വി. രാമചന്ദ്രൻ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വൈശാഖ് ഏറ്റുകൂടുക്ക, ചാൾസ് സണ്ണി, പ്രകാശ് ബാബു,എ. ജി. ശരീഫ് തുടങ്ങിയ ഭാരവാഹികളാണ് സ്ഥലം സന്ദർശിച്ചത്.നടപടി ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു
ആശങ്ക അകറ്റുന്നതിന് അടിയന്തര നടപടി വേണം -സി.പി.എം
താഴക്കുറുന്ത് സ്ക്രീൻ പ്രിന്റ് സ്ഥാപനത്തിലെ മാലിന്യ പ്രശ്നം കാരണം കിണറുകൾ മലിനപ്പെട്ട സംഭവത്തിൽ നേരത്തേ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ടെന്നും പാർട്ടിയുടെ നേതൃത്വത്തിൽ പ്രദേശത്ത് കർമ സമിതി രൂപവത്കരിച്ച് പ്രശ്നത്തിൽ ഇടപെട്ടതായും സി.പി.എം പ്രസ്താവനയിൽ അറിയിച്ചു. ഈ കാലയളവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമീപ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിന്റെ പരിശോധനാ ഫലം ജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. ഒടുവിൽ ലഭിച്ച മണ്ണ് പരിശോധനാ ഫലത്തിൽ ജനങ്ങൾക്കുള്ള ആശങ്ക അകറ്റണമെന്നും സി.പി. എം കാങ്കോൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി പി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.