കെ.എസ്.ടി.പി റോഡിൽ ലോറികൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതരം
text_fieldsമണ്ടൂർ കെ.എസ്.ടി.പി റോഡിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടം
പയ്യന്നൂർ: പിലാത്തറക്കു സമീപം മണ്ടൂർ കോക്കാട് കെ.എസ്.ടി.പി റോഡിൽ വൻ അപകടം. ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ ഡ്രൈവർ മംഗളൂരു സ്വദേശി അഷ്‌ഫാക്കി (38 )നെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. കണ്ണൂരിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാഷനൽ പെർമിറ്റ് ലോറിയിൽ മംഗളൂരുവിൽ നിന്ന് മത്സ്യവുമായി തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ഇടിച്ചുകയറിയാണ് അപകടം.
അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർ അഷ്ഫാക്ക് വാഹനത്തിന്റെ ക്യാബിനിൽ കുടുങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാ സേനയെത്തി ലോറിയുടെ കാബിൻ പൊളിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ടാറ്റ ലോറിയിലേക്ക് മിനിലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്ന് അഗ്നി രക്ഷാസേന അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ സ്റ്റിയറിങ്ങിൽ കുടുങ്ങിയ നിലയിലായി.വിവരമറിഞ്ഞെത്തിയ പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിലെ സംഘം സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ ഡോർ മുറിച്ചുമാറ്റിയ ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ഹൈഡ്രോളിക് സ്പ്രെഡറും റോപ്പും ഉപയോഗിച്ച് സ്റ്റിയറിങ് ഭാഗങ്ങൾ അകറ്റിമാറ്റി ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ തോമസ് ഡാനിയേൽ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ പി.ശ്രീനിവാസൻ, വിനീഷ്, ലിജീഷ്, ജിനോ ജോൺ, ജോബി, ജിഷ്ണുദേവ്, അരുൺ നമ്പ്യാർ, അഭിലാഷ്, മാത്യു ജോർജ്, പത്മനാഭൻ, ദിനേശൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


