വരവ് കുറവ്, ചെലവ് കൂടുതൽ; പ്രവാസി പെൻഷന് താളപ്പിഴ
text_fieldsകണ്ണൂർ: സംസ്ഥാനത്തെ പ്രവാസികൾക്ക് പ്രവാസികാര്യ വകുപ്പ് ഏർപ്പെടുത്തിയ ക്ഷേമ പെൻഷൻ വിതരണം താളംതെറ്റി. പ്രവാസികൾതന്നെ അടക്കുന്ന അംഗത്വഫീസ്, അംശദായം എന്നിവയിൽനിന്ന് പെൻഷൻ കണ്ടെത്തുന്നതിനാലാണ് ഈ അവസ്ഥ. സർക്കാർ സഹായം ലഭിക്കാത്തതിനാൽ ക്ഷേമനിധി അംഗങ്ങൾ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മുഖ്യമന്ത്രി ബുധനാഴ്ച 70 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റിലെ പെൻഷൻ ഒക്ടോബർ നാലിന് ലഭിച്ചശേഷം സെപ്റ്റംബറിലേതിനെക്കുറിച്ച് വിവരമൊന്നുമില്ല.
പ്രവാസി ക്ഷേമനിധിയിലേക്ക് അംഗത്വ സമയത്ത് അടക്കുന്ന രജിസ്ട്രേഷൻ ഫീസ്, പിഴ, അംശദായം എന്നീ ഇനങ്ങളിലായി 12 മുതൽ 16 കോടി രൂപയാണ് ബോർഡിന് പ്രതിമാസം ലഭിക്കുന്ന വരുമാനം. ക്ഷേമ പെൻഷൻ വിതരണം, മറ്റ് ആനുകൂല്യം ഉൾപ്പെടെ പ്രതിമാസം ചെലവുവരുന്നത് 28 കോടിയും. ബോർഡിന്റെ സ്ഥിരനിക്ഷേപം പിൻവലിച്ചാണ് ഓരോ മാസവും പെൻഷൻ വിതരണത്തിന് വഴികണ്ടെത്തുന്നതെന്ന് പ്രവാസി കാര്യവകുപ്പ് അധികൃതർതന്നെ പറയുന്നു.
മറ്റ് ക്ഷേമനിധികളിലേതുപോലെ പ്രവാസികളുടേതിന് സർക്കാർ സഹായമില്ലെന്നും അംശദായം അടക്കുന്നതിൽ വീഴ്ചവരുന്നത് പെൻഷൻ വിതരണത്തെ സാരമായി ബാധിക്കുന്നതായും പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരനെ അധികൃതർ രേഖാമൂലം അറിയിച്ചു.
പുതിയ അംഗങ്ങൾ നൽകുന്ന അംശദായത്തെ മാത്രം ആശ്രയിച്ച് പെൻഷൻ പദ്ധതി എത്രനാൾ എന്നാണ് ബന്ധപ്പെട്ടവർ ചോദിക്കുന്നത്. 60 വയസ്സ് പൂർത്തിയായവർക്കാണ് പെൻഷൻ നൽകുന്നത്. മൂന്ന് വിഭാഗങ്ങളിലായി 3500, 3000, 3000 എന്നിങ്ങനെയാണ് പ്രതിമാസ പെൻഷൻ. 350 രൂപ അംശദായം അടച്ചവർക്കാണ് 3500 നൽകുന്നത്. മറ്റ് രണ്ട് വിഭാഗങ്ങളുടെ അംശദായം 200 രൂപയാണ്. 2022ലാണ് പ്രവാസി പെൻഷൻ ഒടുവിൽ പരിഷ്‍കരിച്ചത്.


