വൃക്കരോഗിയായ ഓട്ടോ ഡ്രൈവറെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് തല്ലി ക്രൂരത; മർദനം അമിത വേഗം ചോദ്യം ചെയ്തതിന്
text_fieldsപരിക്കേറ്റ കെ. രാഗേഷ്, പ്രതി മുഹമ്മദ് ഷബിൻ
ന്യൂമാഹി: അമിത വേഗത ചോദ്യം ചെയ്ത വൃക്ക രോഗിയായ ഓട്ടോ ഡ്രൈവറെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് യുവാവ് ക്രൂരമായി മർദിച്ചു. ന്യൂ മാഹി പെരിങ്ങാടി റെയിൽവേ ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. പെരിങ്ങാടി സ്വദേശി കെ. രാഗേഷാണ് മർദനത്തിന് ഇരയായത്. പ്രതി ചൊക്ലി സ്വദേശി മുഹമ്മദ് ഷബിനെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തു.
ട്രെയിൻ കടന്നുപോയതിന് പിന്നാലെ ഗേറ്റ് വഴി വാഹനങ്ങൾ കടന്നുപോകുമ്പോൾ അമിത വേഗതയിൽ മറ്റു വാഹനങ്ങളെ മറികടന്ന് പോവുകയായിരുന്ന സ്കൂട്ടർ യാത്രികനെ കെ. രാഗേഷ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ചൊക്ലി സ്വദേശി മുഹമ്മദ് ഷബിൻ ഗേറ്റിന് സമീപം വെച്ച് ഓട്ടോക്ക് കുറുകെ സ്കൂട്ടർ നിർത്തിയിട്ട് അസഭ്യം പറയുകയും ഓട്ടോയുടെ ചില്ല് തകർക്കുകയും ചെയ്തു.
പ്രകോപിതനായ പ്രതി മുഹമ്മദ് ഷബിൻ രാഗേഷിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനായി കൈയിൽ കാനുല ഘടിപ്പിച്ച ഭാഗത്തും മർദിച്ചതായി രാഗേഷിന്റെ ഭാര്യ ഷിനിത പറഞ്ഞു. മർദനം തടയാൻ ശ്രമിച്ച മറ്റൊരാളെയും മുഹമ്മദ് ഷബിൻ മർദിച്ചു. സംഭവസ്ഥലത്ത് നിന്നും വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടുകയായിരുന്നു.