മാഹിയിലെത്തുന്ന തീർഥാടകരെ മനംമടുപ്പിച്ച് മാലിന്യക്കെട്ടുകൾ
text_fieldsപൂഴിത്തല ഫിഷറീസ് ഓഫിസിന് മുൻവശത്ത് മാലിന്യക്കെട്ടുകൾ കൂട്ടിയിട്ട നിലയിൽ
മാഹി: ജാതിമത വേർതിരിവില്ലാതെ ആഘോഷിക്കുന്ന മാഹി തിരുനാൾ ചടങ്ങുകളിൽ പ്രധാനമായ നഗര പ്രദക്ഷിണത്തെ അനുഗമിക്കാനെത്തിയവരെ എതിരേൽക്കുന്നത് പൂഴിത്തലയിൽ തള്ളിയ മാലിന്യ ചാക്കുകൾ. തിങ്കളാഴ്ച നടന്ന തിരുനാൾ ജാഗരത്തിലെ ഘോഷയാത്രയിൽ അണിചേർന്നവർക്കിത് മനം മടുപ്പിക്കുന്ന കാഴ്ചയായി മാറുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ അധികൃതർ ഉച്ചയോടെ ഭാഗികമായി ചാക്കുകെട്ടുകൾ മാറ്റി. പൂഴിത്തല ഫിഷറീസ് ഓഫിസിന് മുൻവശത്ത് ദേശീയപാതയോരത്താണ് മാലിന്യക്കെട്ടുകളും ചാക്ക് കീറി പുറത്തേക്ക് ചിതറിയ നിലയിൽ മാലിന്യവും കൂട്ടിയിട്ടത്.
മുൻകാലങ്ങളിൽ പെരുന്നാളിനോടനുബന്ധിച്ച് കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് വീഥികൾ മനോഹരമാക്കുന്നത് പതിവായിരുന്നു. സ്വച്ഛത ഹി സേവയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയ മാഹിയിലാണ് സന്ദർശകരെ മനം മടുപ്പിച്ച് മാലിന്യക്കെട്ടുകൾ കൂട്ടിയിട്ടത്.