മാഹി ഭരണസിരാകേന്ദ്രത്തിന് മുന്നിൽ മാലിന്യക്കൂമ്പാരം
text_fieldsമാഹി ഗവ. ഹൗസിന് തൊട്ടടുത്തുള്ള പറമ്പിൽ അജ്ഞാതർ വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരം
മാഹി: സബ് ജയിൽ പരിസരമുൾപ്പെടെ മാഹിയുടെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് കവറിൽ കെട്ടിയ മാലിന്യക്കെട്ടുകൾ പെരുകുന്നു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസ്, എം.എൽ.എയുടെ ക്യാമ്പ് ഓഫിസടക്കമുള്ള കെട്ടിടങ്ങളുടെ വിളിപ്പാടകലെ ആളൊഴിഞ്ഞ പറമ്പിലെ മാലിന്യം നീക്കം ചെയ്യാൻ പറ്റാത്ത അധികാരികൾക്ക് മാഹിയിൽ ബാക്കിയുള്ള സ്ഥലത്തെ മാലിന്യങ്ങൾ തള്ളുമ്പോൾ എങ്ങനെ നടപടിയെടുക്കാൻ കഴിയുമെന്ന സംശയം പങ്കുവെക്കുകയാണ് ടാഗോർ പാർക്കിലെയും പുഴയോര നടപ്പാതയുടെയും ഭംഗി, സായാഹ്നങ്ങൾ ആസ്വദിക്കാനെത്തുന്ന മാഹിയിലും പുറത്തുമുള്ള വിനോദ സഞ്ചാരികൾ.
ദിവസം കഴിയുംതോറും മാലിന്യത്തിന്റെ അളവ് കൂടുകയാണ്. ദിനേന നൂറുകണക്കിനാളുകൾ സന്ദർശിക്കുന്ന പാർക്കിന് മുന്നിലെ ഈ മാലിന്യക്കൂമ്പാരം നാട്ടുകാരൊക്കെ കാണുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ മാത്രം കാണുന്നില്ല. ഇവിടെ സമീപത്തായി തെരുവുപട്ടികളും താവളമാക്കുന്നുണ്ട്. തൊട്ടടുത്ത് രണ്ട് സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇവ ഭീഷണിയാണ്. മഴക്കാലമായതിനാൽ മാലിന്യം ചീഞ്ഞളിഞ്ഞ് കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യതയും ഏറെയാണ്.