മാഹിയിൽ സർവിസിന് ബസുകളുണ്ട്; പക്ഷേ ജീവനക്കാരില്ല
text_fieldsതാത്തക്കുളം ഇൻഡോർ സ്റ്റേഡിയം അങ്കണത്തിൽ നിർത്തിയിട്ട നീളൻ ലോഫ്ലോർ ബസുകൾ
മാഹി: പ്രാദേശിക യാത്രകൾക്ക് ബസുകളുടെ അപര്യാപ്തയിൽ മാഹി ജനത ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ആസൂത്രണത്തിലെ പിഴവ് തുടരുന്നു. മാഹി റെയിൽവേ സ്റ്റേഷനിൽനിന്ന് പന്തക്കലിലേക്കും തലശ്ശേരിയിലേക്കുമാണ് ബസ് സർവീസുകൾ. പി.ആർ.ടി.സിക്കും മാഹി ട്രാൻസ്പോർട്ട് സഹകരണ സൊസൈറ്റിക്കും നാല് വീതം ബസുകളാണുള്ളത്. കാലപ്പഴക്കത്താൽ പി.ആർ.ടി.സിയുടെ വലിയ ബസുകൾക്ക് പകരം 18 സീറ്റുകളുള്ള രണ്ട് ബസുകളാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്.
10 വീതം കണ്ടക്ടർമാരും ഡ്രൈവർമാരും വേണ്ടിടത്ത് ആകെയുള്ള രണ്ട് പേരിൽ ഒരാൾ മെഡിക്കൽ ലീവിലും മറ്റേയാൾ കുടുംബ പ്രശ്നത്തിലും ലീവായതിനെ തുടർന്ന് രണ്ട് ബസും മിനി സിവിൽ സ്റ്റേഷനിൽ വിശ്രമത്തിലായത് യാത്രക്കാർക്ക് വിനയായി. ദിവസങ്ങൾക്കുശേഷം ഒരു ഡ്രൈവർ എത്തിയത് യാത്രികർക്ക് തെല്ലൊരാശ്വാസമായിട്ടുണ്ട്.
മാഹി സിവിൽ സ്റ്റേഷൻ മുറ്റത്ത് ഡ്രൈവർ ഇല്ലാത്തതിനാൽ നിർത്തിയിട്ട പി.ആർ.ടി.സി ബസ്
രണ്ട് ബസുകൾ കൂടി വേണമെന്ന രമേശ് പറമ്പത്ത് എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്ന് പുതുച്ചേരിയിൽനിന്ന് ബസുകൾ അനുവദിച്ച് മാഹിയിലെത്തിച്ചെങ്കിലും ഉൾപ്രദേശങ്ങളിലെ വീതികുറവും കയറ്റവുമുള്ള റോഡുകളിൽ സർവിസ് നടത്താൻ കഴിയാത്ത നീളൻ ലോഫ്ലോർ ബസുകളാണ് എത്തിയത്.
ഹമ്പുകൾ കയറിയിറങ്ങാനും ബുദ്ധിമുട്ടും. തലശ്ശേരിയിലെ വർക്ക്ഷോപ്പുകളിലാണ് റിപ്പയറിനായി പി.ആർ.ടി.സി കൊണ്ടുപോകുക. ബസിനടിയിലേക്ക് കയറാൻ തൊഴിലാളികളെ കിട്ടുകയില്ല. റാമ്പ് സൗകര്യമുള്ള വർക്ക് ഷോപ്പ് തലശ്ശേരിയിലില്ലാത്തതുമാണ് ലോഫ്ലോർ ബസുകൾ സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. ഇത് മാറ്റി 18 സീറ്റുകളുള്ള ബസ് നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവ് പരിഹരിക്കാൻ താൽക്കാലിക നിയമനത്തിന് മാഹിയിലെ സഹകരണ സൊസൈറ്റിയോട് ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. അഞ്ച് കണ്ടക്ടർമാരെയും ഏഴ് ഡ്രൈവർമാരെയുമാണ് നിയമിക്കുന്നത്. നിലവിലുള്ള കണ്ടക്ടർമാരിൽ മൂന്ന് പേർ മാസങ്ങൾക്കുള്ളിൽ വിരമിക്കുമ്പോഴും ബസ് കട്ടപ്പുറത്താകുമോയെന്ന പേടിയിലാണ് യാത്രികർ.
മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം പുതുച്ചേരിയിൽനിന്ന് മാഹിയിൽ ഡ്യൂട്ടിക്കെത്തുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ അംഗീകാരം ലഭിച്ചാൽ മാഹിയിലെ പ്രാദേശിക ബസ് സർവിസിന് ജീവൻ വെക്കും. പൊതു സ്വകാര്യ പങ്കാളിത്വത്തിൽ മാഹിക്കും യാനത്തിനും അഞ്ച് ഇലക്ടിക് ബസുകൾ മുഖ്യമന്ത്രി എൻ. രംഗസാമി ബജറ്റിൽ 149ാമത് ഇനമായി പ്രഖ്യാപിച്ചതിനെ പ്രതീക്ഷയുമായാണ് മാഹി ജനത കാത്തിരിക്കുന്നത്