മാഹി എണ്ണ കടത്ത്; ജില്ലയിൽ 70 ശതമാനം പമ്പുകളിൽ വിൽപനയിൽ വൻ ഇടിവ്
text_fieldsകണ്ണൂർ: മാഹിയിൽ നിന്നുള്ള പെട്രോളും ഡീസലും വ്യാപകമായി എത്തിച്ച് വിൽക്കുന്നതിനാൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ വിൽപനയിടിഞ്ഞു. പലതും വൻ നഷ്ടത്തിലേക്കും നീങ്ങി. സർക്കാറിനും പമ്പുടമകൾക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയാണ് മാഹി ഡീസലും പെട്രോളും വ്യാപകമായി ജില്ലയിലേക്ക് കടത്തുന്നത്. കേരളത്തിലെ ഇന്ധന വിലയെക്കാൾ കുറഞ്ഞ വിലയിലാണ് പുതുച്ചേരി സർക്കാർ വിൽപന നടത്തുന്നത്.
ഒരു ലിറ്ററിൽ മാത്രം പെട്രോളിന് 12 രൂപയുടെയും ഡീസലിന് 11.50 രൂപയുടെയും കുറവാണ് കേരളത്തിനെക്കാൾ മാഹിയിൽ ലഭിക്കുന്നത്. വിലയിലുള്ള വലിയ വ്യത്യാസമാണ് ദിനം പ്രതി മാഹിയിൽ നിന്ന് ഡീസലും മറ്റും ജില്ലയിലേക്ക് ഒളിച്ചു കടത്താൻ കാരണമായത്. ഇതോടെയാണ് ജില്ലയിലെ പമ്പുകളിൽ വിൽപനയിൽ വൻ ഇടിവുണ്ടായത്. 70 ശതമാനം പമ്പുകളിൽ 50 ശതമാനം വിൽപന കുറഞ്ഞതായാണ് കണക്ക്. അതുവഴി സർക്കാറിനും വർഷം കോടികളുടെ നഷ്ടമുണ്ടാവുന്നുണ്ട്.
ഒരു മാസം മിനിമം 1.70 ലക്ഷം ലിറ്റർ എണ്ണ വിൽപന നടന്നാൽ മാത്രമേ ഒരു പെട്രോൾ പമ്പ് ലാഭത്തിലാണെന്ന് പറയാനാകൂവെന്നാണ് നേരത്തെ അപൂർവ ചന്ദ്ര കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നത്. എന്നാൽ, ജില്ലയിൽ നിലവിൽ ഒരു മാസം ഒരു ലക്ഷം ലിറ്റർ പോലും വിൽപന നടക്കാത്ത പമ്പുകൾ നിരവധിയാണ്. മാഹിയിൽ നിന്നുള്ള കടത്ത് തടയാത്തിടത്തോളം പഴയ നിലയിലേക്ക് എങ്ങിനെ തിരിച്ചു വരുമെന്ന ആശങ്കയിലാണ് പമ്പുടമകൾ. ചെലവുകൾ നിത്യേന വർധിക്കുന്നതും പമ്പ് നടത്തിപ്പിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പ്രശ്നങ്ങൾ പരിഹരിക്കാതെ പുതിയ പമ്പുകൾ അനുവദിക്കുന്നു
മാഹിയിൽ നിന്ന് വൻതോതിൽ പെട്രോളും ഡീസലും കണ്ണൂർ ജില്ലയിൽ എത്തിച്ച് വിൽക്കുന്നതിനെതിരെ കർശന നടപടിയെടുക്കാതെ വീണ്ടും പുതിയ പമ്പുകൾ അനുവദിക്കാൻ അധികൃതർ മത്സരിക്കുകയാണ്. യാതൊരു പഠനവും ഇതു സംബന്ധിച്ച് നടത്തുന്നില്ല. നിലവിലുളള പമ്പുകളിൽ തന്നെ വിൽപന കുറഞ്ഞിരിക്കയാണ്. പലതും പിടിച്ചു നിൽക്കാൻ പാടുപെടുകയാണ്. എന്നിട്ടും മാഹിയിൽ നിന്നും എത്തിച്ച് വിൽക്കുന്നത് പിടി കൂടാൻ തയാറാവുന്നില്ല. സർക്കാറിനും കോടികൾ നഷ്ടമുണ്ടായിട്ടും നടപടിയില്ല. നേരത്തെ അധികൃതർക്ക് തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. ഇത്തരം സാഹചര്യത്തിൽ അടിയന്തിര യോഗം ചേർന്ന് സമരപരിപാടികൾ ആലോചിക്കും.


