വനിത ഉദ്യോഗസ്ഥരില്ലാതെ മാഹി എക്സൈസ് ചെക്ക് പോസ്റ്റ്
text_fieldsകണ്ണൂർ: വൻ തോതിൽ മദ്യവും മറ്റ് ലഹരി ഉത്പന്നങ്ങളും കടത്തുന്ന കേന്ദ്രമായിട്ടും മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വനിത ഉദ്യോഗസ്ഥരെ നിയമിക്കാത്തത് വിവാദത്തിൽ. ഏറെക്കാലമായി ചെക്ക് പോസ്റ്റിൽ വനിത ഉദ്ദ്യോഗസ്ഥരില്ല. ഓണം ഉൾപ്പെടെ സ്പെഷ്യൽ ഡ്രൈവ് സമയങ്ങളിൽ മുൻ കാലങ്ങളിൽ വനിത ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുമുണ്ടായില്ല.
അടുത്തിടെ ജില്ലയിലും പുറത്തും ലഹരി കേസുകളിൽ നിരവധി യുവതീയുവാക്കളാണ് പിടിയിലായിട്ടുള്ളത്. ബസുകളിലും മറ്റ് വണ്ടികളിലും ലഹരി കടത്ത് നിലവിലും വ്യാപകമാണ്. പുരുഷൻമാരെ പരിശോധിക്കാൻ കഴിയുന്നുണ്ടെങ്കിലും സ്ത്രീകളെ പരിശോധിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വനിത ഉദ്യോഗസ്ഥരില്ലാത്തതിനാലാണ് മാഹി ചെക്ക് പോസ്റ്റിൽ സ്ത്രീകളെ പരിശോധിക്കാൻ കഴിയാത്തത്. ഇത് തിരിച്ചറിഞ്ഞ ലഹരി കടത്ത് സംഘം മദ്യവും മറ്റും കടത്താൻ സ്ത്രീകളെ കൂടുതലായി ഉപയോഗിക്കുന്നതായാണ് വിവരം.
പകൽ സമയത്തെങ്കിലും വനിത ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റിൽ നിയമിച്ചാൽ നിരവധി ലഹരി കടത്തുകൾ പിടികൂടാനാവും. ഓപറേഷൻ തൂഫാൻ ഉൾപ്പെടെ നടക്കുമ്പോഴും മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ എന്താണ് വനിത ഉദ്യോഗസ്ഥരെ നിയമിക്കാത്തതെന്നത് ചർച്ചയായിട്ടുണ്ട്.


