കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമാണ യൂനിറ്റിൽ വൻ തീപിടിത്തം
text_fieldsകോട്ടയം എസ്.എച്ച്. മൗണ്ടിലെ ടിഷ്യൂ പേപ്പർ നിർമാണ യൂനിറ്റിലുണ്ടായ തീപിടിത്തം
കോട്ടയം: നഗരത്തിലെ എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ടിഷ്യു പേപ്പർ നിർമാണ യൂനിറ്റിൽ വൻ തീപിടിത്തം. യൂനിറ്റ് പ്രവർത്തിക്കുന്ന മൂന്നു കെട്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഇതിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി കത്തിനശിച്ചു. അവധി ദിവസമായതിനാൽ ജീവനക്കാർ ഫാക്ടറിയിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി.
വൈകീട്ട് ആറു മണിയോടെ എസ്.എച്ച് മൗണ്ട്-ചുങ്കം റോഡിൽ പ്രവർത്തിക്കുന്ന ജെ.എൻ. ഇൻഡസ്ട്രീസ് എന്ന ടിഷ്യു പേപ്പർ നിർമാണ യൂനിറ്റിലാണ് തീപിടിത്തമുണ്ടായത്. പേപ്പർ നിർമാണ യൂനിറ്റ് ആയതിനാൽ സമീപത്തേക്ക് തീ വേഗം പടർന്നു. കെട്ടിടത്തിന്റെ മുൻവശത്തെ ഷട്ടർ പൂട്ടിയതിനാൽ അഗ്നിരക്ഷസേനാംഗങ്ങൾക്ക് ആദ്യം ഉള്ളിൽ കയറാൻ കഴിഞ്ഞില്ല. തുടർന്ന് ഷട്ടർ ഉറപ്പിച്ച ഭിത്തി തകർത്താണ് സേനാംഗങ്ങൾ ഉള്ളിൽ കയറിയത്. നിർമാണ യൂനിറ്റ് പ്രവർത്തിക്കുന്ന വളപ്പിലെ കെട്ടിടങ്ങളിൽ മൂന്നെണ്ണമാണ് അഗ്നിക്കിരയായത്.
യൂനിറ്റിന് സമീപം താമസിക്കുന്നവരും വാഹന യാത്രക്കാരും അതിഥി തൊഴിലാളികളുമാണ് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ അഗ്നിരക്ഷസേനയെ വിവരം അറിയിച്ചു. കോട്ടയം, കടുത്തുരുത്തി അടക്കമുള്ള അഗ്നിരക്ഷസേന യൂനിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്ത കാരണത്തെ കുറിച്ച് വ്യക്തതയില്ല. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗാന്ധിനഗർ പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ഏറെ കാലമായി എസ്.എച്ച്. മൗണ്ടിൽ പ്രവർത്തിക്കുന്നതാണ് ടിഷ്യു പേപ്പർ നിർമാണ യൂനിറ്റ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ യൂനിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് പരിശോധിക്കുമെന്ന് അഗ്നിരക്ഷസേന അറിയിച്ചു.


