മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയത് വിചാരണ നീട്ടാൻ
text_fieldsതലശ്ശേരി: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സി.പി. എം പ്രവർത്തകരായ 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയത് പ്രതിഭാഗത്തിന്റെ നിസ്സഹകരണവും വിചാരണ നീട്ടാനുള്ള ശ്രമവും. തലശ്ശേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ തലശ്ശേരി സ്പെഷൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്ത കോടതി കേസ് ദിവസേന പരിഗണിക്കുമെന്നും വ്യക്തമാക്കി. കേസ് വിചാരണക്കിടയിൽ കഴിഞ്ഞ ദിവസം ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ അഭിഭാഷകൻ ചീഫ് എക്സാമിനേഷൻ രേഖപ്പെടുത്തുന്ന രീതിയെ ചോദ്യം ചെയ്ത് ഹരജി സമർപ്പിച്ചിരുന്നു. ഹരജിയിലെ അവ്യക്തത ചൂണ്ടിക്കാട്ടി ആദ്യം മടക്കിയെങ്കിലും പിന്നീട് പിഴവുകൾ പരിഹരിച്ച് വീണ്ടും സമർപ്പിച്ചു. ഈ ഹർജിയിൽ വാദം കേട്ട് വിധി പറയാതെ ക്രോസ് എക്സാമിനേഷൻ നടത്തില്ലെന്ന് പ്രതിഭാഗം അറിയിക്കുകയും എന്നാൽ ഹർജിയിൽ നിയമപരമായ കാര്യമായ ആവശ്യങ്ങളൊന്നും ഹരജിക്കാർ ഉന്നയിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി നീതിപൂർവമായ സമീപനം സ്വീകരിച്ച് ഹരജി പരിഗണിക്കുകയും തെളിവെടുപ്പ് നിയമാനുസൃതമാണെന്ന് വ്യക്തമാക്കി ഹരജി തള്ളിക്കൊണ്ട് 22 ന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
മേൽ ഉത്തരവ് തുറന്ന കോടതിയിൽ പ്രസ്താവിച്ച ശേഷവും പ്രതിഭാഗം വിചാരണയോട് സഹകരിക്കാൻ തയാറായില്ലെന്നും കോടതി രേഖപ്പെടുത്തി. തിങ്കളാഴ്ച വാദി ഭാഗം ചീഫ് എക്സാമിനേഷൻ കഴിഞ്ഞപ്പോൾ പ്രതിഭാഗം അതേ നിലപാട് തുടരുകയും സാക്ഷിയെ ക്രോസ് ചെയ്യില്ലെന്ന് വ്യക്തമായി അറിയിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു. കേസിൽ കൂടുതൽ തെളിവെടുപ്പിനായി സാക്ഷികളെ വിസ്തരിക്കുകയും ചീഫ് എക്സാമിനേഷൻ പൂർത്തിയാക്കുകയും ചെയ്ത ഘട്ടത്തിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ അഭിഭാഷകൻ നടപടികൾ നടക്കുന്നതിനിടെ കോടതിയിലെത്തിയെങ്കിലും മതിയായ കാരണങ്ങൾ ഒന്നുമില്ലാതെ ഒന്നും പറയാതെ മടങ്ങിപ്പോയതായി കോടതി രേഖപ്പെടുത്തി.
സി.എം.പി 4/2026ലെ വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും സെഷൻസ് കോടതിയിൽ ഈ കേസ് മറ്റൊരു കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജിയും നിലനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടി, ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ അഭിഭാഷകൻ തിങ്കളാഴ്ചയും സാക്ഷികളെ ക്രോസ് എക്സാമിൻ ചെയ്യാൻ തയാറല്ലെന്ന് അറിയിച്ചു. എന്നാൽ ഇത്തരം നിരാകരണത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്നും പ്രതിഭാഗത്തിന് മതിയായ അവസരം നൽകിയ ശേഷമാണ് കോടതി നടപടികൾ മുന്നോട്ടുപോകുന്നതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് കോടതി നേരിട്ട് പ്രതികളായ ഒന്ന് മുതൽ 17 വരെയുള്ളവരോട് ചോദിച്ചപ്പോൾ അവരുടെ അഭിഭാഷകർ എടുത്ത നിലപാടിനൊപ്പമാണെന്നും സാക്ഷിയോട് ചോദിക്കാനുള്ള ചോദ്യങ്ങളൊന്നുമില്ലെന്നും പ്രതികൾ തന്നെ തുറന്നുപറഞ്ഞു. ഇതോടെ, പ്രതികളും അവരുടെ അഭിഭാഷകരും ബോധപൂർവം വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനായി ക്രോസ് എക്സാമിനേഷൻ ഒഴിവാക്കിയതായി കോടതി കണ്ടെത്തുകയും ചെയ്തു. 2018 മുതലുള്ള പഴയ കേസായതിനാൽ സുപ്രീം കോടതി നിർദേശപ്രകാരം വേഗത്തിൽ തീർപ്പാക്കേണ്ട അഞ്ച് വർഷത്തിലേറെ പഴക്കമുള്ള കേസുകളുടെ പട്ടികയിൽ ഉള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ വിചാരണ 2026 മേയ് 18നാണ് ആരംഭിച്ചത്. അന്ന് വാദിഭാഗം രണ്ടാം സാക്ഷിയുടെ വിസ്താരവും ഭാഗിക ക്രോസ് എക്സാമിനേഷനും നടന്നു. മേയ് 19ന് വാദിഭാഗം സാക്ഷിയുടെ ക്രോസ് എക്സാമിനേഷനും റീഎക്സാമിനേഷനും പൂർത്തിയായി. 21ന് വാദിഭാഗം രണ്ടാം സാക്ഷി മാനസിക സമ്മർദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് മേയ് 22ലേക്ക് മാറ്റുകയായിരുന്നു. ഇത് കേസിന്റെ പുരോഗതി തടസ്സപ്പെടുത്താനും വിചാരണ വൈകിക്കാനുമുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത ശ്രമമാണെന്ന് കോടതി വിമർശിച്ചു. പ്രതിഭാഗം വിചാരണ അകാരണമായി തടസ്സപ്പെടുത്തുകയാണെങ്കിൽ കോടതികൾ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമായ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കാനും പ്രതികളെ കസ്റ്റഡിയിൽ വിടാനും കോടതികൾക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്കും അഭിഭാഷകർക്കും മതിയായ അവസരങ്ങൾ നൽകിയിട്ടും അവരുടെ ഹരജികൾ നിയമാനുസൃതമായി പരിഗണിച്ച് തള്ളിയിട്ടും വിചാരണയിൽ നിന്ന് മനഃപൂർവം പിന്മാറിയതായി കോടതി കണ്ടെത്തി. പ്രതികളും അഭിഭാഷകരും തമ്മിൽ വിചാരണ നീട്ടാനുള്ള കൂട്ടുകെട്ട് നിലനിൽക്കുന്നതായും കോടതി നിരീക്ഷിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ ഒന്ന് മുതൽ 17 വരെയുള്ള പ്രതികൾക്ക് അനുവദിച്ചിരുന്ന ജാമ്യം കോടതി റദ്ദാക്കിയത്. പ്രതികളെ തലശ്ശേരി സ്പെഷൽ സബ് ജയിലിലേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും ഉത്തരവിട്ടു. കേസ് ദിവസേന പരിഗണിക്കുമെന്ന് അറിയിച്ച കോടതി ചൊവ്വാഴ്ച വിഡിയോ കോൺഫറൻസിങ്ങിലൂടെ പ്രതികളെ ഹാജരാക്കാനും നിർദേശം നൽകി.


