കണക്ഷൻ സർവിസുമായി ഇൻഡിഗോയും എയർ ഇന്ത്യയും
text_fieldsമട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കൂടുതൽ ആഭ്യന്തര കണക്ഷൻ സർവിസുകളുമായി ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും.
ശൈത്യകാല ഷെഡ്യൂളിൽ നിർത്തിവെച്ച സർവിസുകളും മാർച്ചോടെ പുനരാരംഭിക്കും. ശ്രീനഗർ, ചണ്ഡിഗഢ്, ജയ്പുർ എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ. ശ്രീനഗർ, ജയ്പുർ എന്നിവിടങ്ങളിലേക്ക് ഡൽഹി വഴി ഇൻഡിഗോയാണ് സർവിസ് നടത്തുന്നത്. ദിവസവും രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 2.15ന് ശ്രീനഗറിലെത്തും. തിരികെ വൈകീട്ട് 5.35ന് പുറപ്പെട്ട് രാത്രി 12.45ന് കണ്ണൂരിലെത്തും. 10,300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ജയ്പുരിലേക്ക് രാവിലെ ആറിന് പുറപ്പെട്ട് 1.25നെത്തും.
തിരികെ 1.55ന് രാത്രി 12.45ന് കണ്ണൂരിൽ എത്തിച്ചേരും. ചണ്ഡിഗഢിലേക്ക് ബംഗളൂരു വഴി എയർ ഇന്ത്യ എക്സ്പ്രസാണ് സർവിസ് നടത്തുക. ദിവസവും രാവിലെ 10.15ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.15ന് ചണ്ഡിഗഢിൽ എത്തിച്ചേരും. 9817 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
വേനൽക്കാല ഷെഡ്യൂളോടെ കണ്ണൂരിൽനിന്ന് കൂടുതൽ നഗരങ്ങളിലേക്ക് നേരിട്ടും കണക്ഷൻ വഴിയും സർവിസുകൾ തുടങ്ങാനും പദ്ധതിയുണ്ട്. ഗോവയിലേക്കും സർവിസ് തുടങ്ങിയേക്കും.
കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തോളം ഗോവ, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് സർവിസുകളുണ്ടായിരുന്നു. ശൈത്യകാല ഷെഡ്യൂളിൽ നിർത്തിവെച്ച കുവൈത്ത്, ദമാം, ബഹ്റൈൻ സർവിസുകളും മാർച്ചോടെ പുനരാരംഭിക്കും.


