പുഴയിൽ കാണാതായ വിദ്യാർഥിനിയെ കണ്ടെത്താനായില്ല
text_fieldsഎളന്നൂർ പുഴയിൽ കാണാതായ ഇർഫാനക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമ്പോൾ കരയിൽ കാത്തുനിൽക്കുന്നവർ
മട്ടന്നൂർ: കഴിഞ്ഞദിവസം എളന്നൂർ പുഴയിൽ കാണാതായ കുറ്റ്യാടി സ്വദേശിനിയായ വിദ്യാർഥിനി ഇർഫാനക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിനവും ഫലം കണ്ടില്ല. തിരച്ചിലിനുവേണ്ടി ഭാഗികമായി അടച്ചിരുന്ന പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചുകൊണ്ടാണ് ഞായറാഴ്ച തിരച്ചിൽ ആരംഭിച്ചത്.
തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിപ്പ് നൽകിയിരുന്നു. മട്ടന്നൂർ നഗരസഭ അധികൃതരുടെ അഭ്യർഥന മാനിച്ചു പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചതായി പഴശ്ശി ഇറിഗേഷൻ വിഭാഗം അറിയിച്ചു. വെള്ളം കൂടിയതിനെത്തുടർന്ന് വൈകീട്ടോടെ ഷട്ടർ തുറന്നു.
മട്ടന്നൂർ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമനസേന ഉദ്യോഗസ്ഥരും നാട്ടുകാരും മുങ്ങൽ വിദഗ്ധരും അടങ്ങുന്ന വലിയ സംഘംതന്നെ തിരച്ചിൽ തുടരുകയാണ്. അവധിക്കാലം ചെലവഴിക്കാൻ വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിൽ എത്തിയ ഇർഫാന ശനിയാഴ്ച വൈകീട്ട് കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു.