ചാവശ്ശേരി മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു
text_fieldsമട്ടന്നൂര്‍: മട്ടന്നൂര്‍-ഇരിട്ടി റോഡിലെ ചാവശ്ശേരി മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. അപകടങ്ങളില്‍ ദിവസേന യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്ന സംഭവങ്ങളും കൂടിവരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടുപേര്‍ക്കാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം 21ാം മൈലില്‍ ബസിടിച്ച് വയോധികന് കാലിനു പരിക്കേറ്റിരുന്നു. മൂന്നുദിവസംമുമ്പ് കാറിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സീബ്രാ ലൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇവരെ കാറിടിച്ചു വീഴ്ത്തിയത്.
വാഹനങ്ങളുടെ അമിതവേഗമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡ് മെക്കാഡം ടാറിങ് നടത്തിയതോടെ പലപ്പോഴും അമിതവേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വേഗനിയന്ത്രണ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.
ചാവശ്ശേരി പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായിരുന്നു. കഴിഞ്ഞദിവസം കാര്‍ വൈദ്യുതി തൂണ് ഇടിച്ചു തകര്‍ത്ത് മറിയുകയും ചെയ്തു. ചാവശ്ശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം കാറും പാര്‍സല്‍ വാനും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റത് കഴിഞ്ഞയാഴ്ചയാണ്.
19ാം മൈല്‍, കൂരന്മുക്ക്, 21ാം മൈല്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലും ഒട്ടേറെ അപകടങ്ങളാണ് സമീപവര്ഷങ്ങളിലുണ്ടായിട്ടുള്ളത്. സ്വകാര്യ ബസുകള്‍ മത്സരയോട്ടം നടത്തുന്നതും പലപ്പോഴും ഭീഷണി ഉയര്‍ത്തുന്നു.
അപകടങ്ങള്‍ പതിവായതിനെതുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെ 19ാം മൈലിലും സ്കൂള്‍ പരിസരങ്ങളിലും പൊലീസ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേഗനിയന്ത്രണ സംവിധാനങ്ങളും ബോധവത്കരണവും നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.