പ്രകാശം പരത്തി അതിജീവന മാതൃകകൾ
text_fieldsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ യുവാക്കൾ മരം കടത്തുന്നു
മയ്യിൽ: അതിജീവനത്തിെൻറ വൈവിധ്യങ്ങളിലൂടെയാണ് ഇൗ ദേശത്തിെൻറ സഞ്ചാരം. കോവിഡ് മഹാമാരിയുടെ ദുരിതക്കയത്തിലേക്ക് ലോകം എടുത്തെറിയപ്പെട്ടപ്പോൾ പൊടുന്നനെ തൊഴിലും വരുമാനവും നിലച്ചുപോയ നാടിനെ വെല്ലുവിളികൾ അതിജീവിക്കാൻ ശീലിപ്പിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ. തായംപൊയിൽ സഫ്ദർ ഹശ്മി ഗ്രന്ഥാലയത്തിെൻറ നേതൃത്വത്തിലാണ് അതിജീവനത്തിന് സന്നദ്ധമാക്കുന്നത്.
കൃഷിയും കിണർ ശുചീകരണവും ഫുഡ് കിറ്റ് ചലഞ്ചും ഹാൻഡ് വാഷ്, മാസ്ക് നിർമാണവും മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനുള്ള പ്രഥമൻ ഫെസ്റ്റ് വരെ നീളുന്നുണ്ട് വൈവിധ്യങ്ങൾ. സമീപ പ്രദേശങ്ങളിലെ കിണറുകൾ ശുചിയാക്കുന്ന ദൗത്യവും മരം കടത്തുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ യുവാക്കൾ ആദ്യം ആശ്രയിച്ചത്. ഇങ്ങനെ സമാഹരിച്ചത് 20,000 രൂപ.
കഴിഞ്ഞ ദിവസം പ്രഥമൻ ഫെസ്റ്റ് നടത്തി ലിറ്ററിന് 120 രൂപ നിരക്കിൽ വീടുകൾ തോറുമെത്തിച്ച് സമാഹരിച്ച തുകകൂടി ചേർത്ത് 60,075 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയനാണ് നിധി ഏറ്റുവാങ്ങിയത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗായി വാഴകൃഷിയും ആരംഭിച്ചിട്ടുണ്ട്. മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുമായി സഹകരിച്ച് 100 വീട്ടുപുരയിടങ്ങളിൽ മരച്ചീനി കൃഷിക്ക് വിത്തുകൾ വിതരണം ചെയ്തു. ലോക്ഡൗൺ കാലത്ത് ഡൊണേറ്റ് എ ഫുഡ് കിറ്റ് ചലഞ്ചിലൂടെ തൊഴിലും വരുമാനവും നിലച്ച നാൽപതിലധികം കുടുംബങ്ങൾക്ക് 1000 രൂപയുടെ അവശ്യസാധനങ്ങൾ വിതരണം ചെയ്തിരുന്നു.
ഗ്രന്ഥാലയം വനിതാവേദി ആയിരം മാസ്ക്കുകൾ നിർമിച്ച് അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്തു. ഹാൻഡ് വാഷ് വൻതോതിൽ നിർമിച്ച് മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും വീടുകളിലും ഉൽപാദന ചെലവ് മാത്രം ഈടാക്കി വിതരണം ചെയ്തു. മയ്യിൽ ജനമൈത്രി പൊലീസുമായി ചേർന്നും ഹാൻഡ് വാഷ് നിർമാണം ഏറ്റെടുത്തു.