18 ലക്ഷത്തിന്റെ മൊബൈൽ ഫോൺ മോഷണം: നാലുപേർ അറസ്റ്റിൽ
text_fieldsകട കുത്തിത്തുറന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതികൾ
ഇരിട്ടി: പയഞ്ചേരിമുക്കിലെ ഇ-പ്ലാനറ്റ് ഇലക്ട്രോണിക്സ് കടയുടെ ഷട്ടർ കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാക്കളായ നാല് പേരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
ബിഹാർ ചമ്പാരൻ സ്വദേശികളായ രാഹുൽ ജയ്സ്വാൾ, രാധേ ശ്യം യാദവ്, മുഹമ്മദ് നസീം അൻസാരി, രവികുമാർ സഹാനി എന്നിവരെയാണ് മഹാരാഷ്ട്രയിലെ ഭുസാവൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആർ.പി.എഫിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇരിട്ടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച മുഴുവൻ മൊബൈൽ ഫോണുകളും പ്രതികളിൽനിന്ന് കണ്ടെടുത്തു.
പ്രിൻസിപ്പൽ എസ്.ഐ കെ. ഷറഫുദ്ദീൻ, എസ്.ഐമാരായ പ്രവീൺ, ശ്രീനാഥ്, റൂറൽ എസ്.പിയുടെ സ്ക്വാഡംഗങ്ങളായ എ.എം. ഷിജോയ്, കെ.ജെ. ജയദേവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.


