'എന്റെയും മോന്റെയും മരണത്തിനുത്തരവാദി ഭർത്താവും ഭർതൃമാതാവും'; കണ്ണൂരിൽ പുഴയിൽ ചാടിയ റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്
text_fieldsപഴയങ്ങാടി: ഞായറാഴ്ച പുലർച്ച ഒരു മണിയോടെ മൂന്നു വയസ്സുള്ള മകൻ കൃശിവ് രാജിനെയുമെടുത്ത് ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി ആത്മഹത്യചെയ്ത അടുത്തില വയലപ്ര എം.ആർ നിവാസിലെ എം.വി. റീമയുടെ (32) ആത്മഹത്യക്കുറിപ്പ് പുറത്ത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ, മൂന്നാം ദിവസമാണ് കൃശിവ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് ഇരിണാവ് സ്വദേശി കമൽരാജുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിച്ചുവരുകയായിരുന്നു റീമ. ഏതാനും ദിവസം മുമ്പ് ഖത്തറിൽനിന്ന് നാട്ടിലെത്തിയ കമൽ രാജ്, റീമ പുഴയിൽ ചാടിയതിന്റെ തലേദിവസം കുട്ടിയെ കാണാനെത്തുകയും കുട്ടിയെ താൻ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് ആത്മഹത്യക്ക് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഞങ്ങളുടെ മരണത്തിന് ഉത്തരവാദി ഭർത്താവും അയാളുടെ അമ്മയുമാണെന്ന് മരണത്തിന്റെ തലേദിവസം റീമ വാട്സ്ആപ് അക്കൗണ്ടിൽ സന്ദേശം വിന്യസിച്ചിരുന്നു. 2024 മാർച്ചിൽ കമൽ രാജിന്റെ അമ്മ ടി. പ്രേമക്കെതിരെ ഗാർഹിക പീഡനത്തിന് റീമ പൊലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യ വിവരം പുറത്തു വന്നതു മുതൽ കമൽരാജും അമ്മയും വീട് പൂട്ടി സ്ഥലംവിട്ടതായാണ് വിവരം.
റീമയുടെയും കുട്ടിയുടെയും അസ്വാഭാവിക മരണത്തിൽ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പൊലീസ് റീമയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും മൊഴിയെടുത്തിരുന്നു. ഇതിനിടയിൽ റീമ വീട്ടിൽ എഴുതിവെച്ച ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്തായിട്ടുണ്ട്.
എന്റെയും മോന്റെയും മരണത്തിനുത്തരവാദി ഭർത്താവ് ടി. കമൽ രാജും അയാളുടെ അമ്മ പ്രേമയുമാണെന്നും അമ്മയുടെ വാക്കുകേട്ട് എന്നെയും കുട്ടിയെയും അവിടെനിന്ന് ഇറക്കിവിട്ടുവെന്നും ഞങ്ങളെ ജീവിക്കാൻ അനുവദിക്കാതെ കുട്ടിക്കുവേണ്ടി പ്രശ്നമുണ്ടാക്കുകയാണെന്നും കുട്ടിയോടുള്ള ഇഷ്ടംകൊണ്ടല്ലെന്നും അമ്മ ജയിക്കണം എന്ന വാശി കാരണമാണ് കുട്ടിക്കുവേണ്ടി പ്രശ്നമുണ്ടാക്കുന്നതെന്നും ആത്മഹത്യ കുറിപ്പിൽ റീമ കുറിച്ചിട്ടുണ്ട്.