കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി
text_fieldsമുഴപ്പിലങ്ങാട്: 12, 13, 14 വയസ്സുള്ള കുട്ടികളുടെ കയ്യിൽ നിന്ന് ഭീഷണിപ്പെടുത്തി 17,000 രൂപയോളം തട്ടിയെടുത്തതായി മുഴപ്പിലങ്ങാട് സ്വദേശികളായ കുടുംബം എടക്കാട് പൊലീസിൽ പരാതി നൽകി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ വാർഡ് 9ൽ താമസിക്കുന്ന മുല്ലപ്രം പള്ളിക്ക് സമീപത്തെ രണ്ടു കുടുംബങ്ങളാണ് എടക്കാട് പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് പരാതിക്കടിസ്ഥാനമായ സംഭവം. പരാതിക്കാരിലൊരാളുടെ ഏഴാം ക്ലാസുകാരനായ സ്കൂൾ കുട്ടിയുടെ മാതാവിന്റെ കയിലെ മൊബൈൽ ഫോണിൽനിന്നും ഗൂഗിൾ പേ വഴി 3000 രൂപ നഷ്ടപ്പെട്ടതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
ഇതന്വേഷിച്ചുകൊണ്ടിരിക്കെ അയൽവാസിയായ മറ്റൊരു കുട്ടിയിൽനിന്നും പണം അപഹരിച്ചതായി കണ്ടെത്തിയതോടെയാണ് വിഷയം പൊലീസിൽ എത്തിയത്. ബന്ധുക്കളും മറ്റും നൽകുന്ന കുറ്റിയിൽ സൂക്ഷിച്ച 3600ൽ അധികം രൂപയാണ് അയൽവാസിയുടെ കുട്ടിയിൽനിന്നും അപഹരിക്കപ്പെട്ടത്.
പണം പോയ വഴികളെ കുറിച്ചന്വേഷിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് രക്ഷിതാക്കൾക്ക് അറിയാൻ കഴിഞ്ഞത്. അടുത്ത ദിവസങ്ങളിലായി ഇവരുമായി ചങ്ങാത്തം കൂടിയ രണ്ട് മുതിർന്ന കുട്ടികൾ നിങ്ങൾക്ക് സ്കൂട്ടർ പഠിപ്പിച്ച് ഓടിക്കാൻ തരാമെന്ന് പറഞ്ഞ് വിവിധ ഘട്ടങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയതെന്ന് രക്ഷിതാക്കൾ പറയുന്നു.
ഏറ്റവും ഒടുവിൽ മേയ് 21ന് ബുധനാഴ്ച വൈകീട്ടോടെ പണം നഷ്ടപ്പെട്ട കുട്ടികളെ സമീപിച്ച മറ്റു രണ്ടു കുട്ടികൾ അവരുടെ കയിലെ മൊബൈൽ ഫോണിൽ മറ്റാരോ ഫോൺ വിളിച്ച് എടക്കാട് പൊലീസാണ് വിളിക്കുന്നതെന്നും ആവശ്യപ്പെട്ട് പണം നൽകിയില്ലെങ്കിൽ വീട്ടിൽ അറിയിക്കുമെന്നും സീനാകുമെന്നും പറഞ്ഞ് പേടിപ്പിച്ചതോടെയാണ് അമ്മയുടെ ഗൂഗിൾ പേ വഴി 3000 രൂപ അയച്ചു കൊടുക്കുകയും രണ്ടാമത്തെ കുട്ടി നേരെത്തേ കൊടുത്ത് കുറ്റിയിൽ അവശേഷിച്ച 600 രൂപയും എടുത്ത് കൊടുത്തതെന്നാണ് കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞത്.
ഗൂഗിൾ പേയിലെ നമ്പറിൽ വിളിച്ചപ്പോൾ ആദ്യം എടുക്കുകയും പിന്നീട് കട്ടാക്കുകയും ചെയ്തതായി രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു. നമ്പർ പൊലീസിന് കൈമാറിയിട്ടുണ്ട്. കുട്ടികളെ സുരക്ഷിതരായി നിലനിർത്താൻ എല്ലാവരും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും സംശയാസ്പദമായ സംഭവങ്ങൾ ഉണ്ടെങ്കിൽ ഉടൻ പൊലീസിനെ ബന്ധപ്പെടണമെന്നും എടക്കാട് പൊലീസ് പറഞ്ഞു.
രക്ഷിതാക്കളിൽനിന്നും കിട്ടിയ പരാതി ഗൗരവപ്പെട്ടതാണെന്ന് ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരുമെന്നും എടക്കാട് പൊലീസ് പറഞ്ഞു.