മുഴപ്പിലങ്ങാട് അപകടമരണം; ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യുവാവിന്റെ കുടുംബം
text_fieldsഎടക്കാട്: മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡോണിന് സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കുടുബം. ഇത് സംബന്ധിച്ച് എടക്കാട് പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാത്രി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവിസ് റോഡിലാണ് ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് തലശ്ശേരി ചേറ്റംകുന്ന് സ്വദേശി സജ്മീർ (42) മരിച്ചത്.
തലശ്ശേരിയിൽ നിന്നും മുഴപ്പിലങ്ങാട്ടെ ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോകവെ രാത്രി പത്തിനായിരുന്നു അപകടം. സജ്മീർ സർവിസ് റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെ പിറകിൽ നിന്നും അമിതവേഗത്തിൽ ദിശതെറ്റി വന്ന കെ.എ.സ്.ആർ.ടിസി ബസിടിക്കയായിരുന്നു.
ബസിനടിയിൽപെട്ട സജ്മീറിനെയും സ്കൂട്ടറിനെയും ബസ് 50 മീറ്ററിലധികം വലിച്ചിഴച്ചെന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. ഇതിനെ ശരിവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. കൃത്യമായ നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. മുഴപ്പിലങ്ങാട് മഠത്തിന് സമീപത്ത് ദേശീയപാത ആറുവരിപ്പാതയിലേക്ക് മാറി സഞ്ചരിക്കേണ്ട ദീർഘദൂര ബസ് വഴി മാറി സർവിസ് റോഡിലൂടെ വന്ന് അപകടം വരുത്തുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.
സിവിൽ എൻജിനീയറും മികച്ച ആർകിടെക്റ്റുമായ സജ്മീർ നാട്ടിൽ തന്നെ കെട്ടിട നിർമാണമേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. രണ്ടു കുട്ടികളുടെ പിതാവാണ്. അശ്രദ്ധയോടെ ബസോടിച്ച് യുവാവിന്റെ ജീവനെടുത്ത ഡ്രൈവർക്കെതിരെ കർശന വകുപ്പു ചുമത്തി കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.