വിറകില്ല; പയ്യാമ്പലം ശ്മശാനത്തിൽ വീണ്ടും സംസ്കാരം മുടങ്ങി
text_fieldsസംസ്കാര ചടങ്ങുകൾ വൈകിയതറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് കോർപറേഷൻ സെക്രട്ടറി വിനു സി. കുട്ടപ്പനുമായി ചർച്ച നടത്തുന്നു
കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ വീണ്ടും മൃതദേഹത്തോട് അനാദരവ്. വിറകില്ലാത്തതിനാൽ തിങ്കളാഴ്ച വീണ്ടും സംസ്കാരം മുടങ്ങി. രണ്ടാംതവണയാണ് പയ്യാമ്പലത്ത് സംസ്കാരം മുടങ്ങുന്നത്. രാവിലെയെത്തിച്ച മൃതദേഹം ബന്ധുക്കൾതന്നെ വിറകെത്തിച്ചാണ് സംസ്കരിച്ചത്.
രണ്ടാമതെത്തിയ മൃതദേഹവുമായി ബന്ധുക്കൾ രണ്ടുമണിക്കൂറോളം കാത്തുനിന്നശേഷമാണ് അധികൃതർ വിറകെത്തിച്ച് സംസ്കരിച്ചത്. തോട്ടടയിൽനിന്ന് സംസ്കരിക്കാൻ കൊണ്ടുവന്ന ബി. പരമേശ്വരൻ നായരുടെ മൃതദേഹവുമായാണ് ബന്ധുക്കൾക്ക് രണ്ടുമണിക്കൂറോളം ശ്മശാനത്തിൽ കാത്തിരിക്കേണ്ടിവന്നത്.
രാവിലെ കൂടാളിയിൽനിന്ന് കുഞ്ഞികൃഷ്ണൻ എന്നയാളുടെ മൃതദേഹം എത്തിച്ചപ്പോഴാണ് വിറകില്ലെന്ന് ശ്മശാന ജീവനക്കാർ ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ ചാലാട് മണലിൽനിന്ന് വിറകെത്തിക്കുകയായിരുന്നു. കോർപറേഷൻ അനാസ്ഥക്കെതിരെ വാതക ശ്മശാനത്തിൽ പ്രവർത്തിക്കുന്ന ഓഫിസിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.
സംഭവമറിഞ്ഞ് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, കണ്ണൂർ ഏരിയ സെക്രട്ടറി കെ.പി. സുധാകരൻ എന്നിവർ സ്ഥലത്തെത്തി കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പനുമായി ചർച്ച നടത്തി. ഇതിന് പിന്നാലെ താൽക്കാലിക ആവശ്യത്തിനുള്ള വിറക് ശ്മശാനത്തിലേക്കെത്തിച്ചു. പയ്യാമ്പലത്ത് വിറകും ചിരട്ടയും വിതരണത്തിന് കരാർ നൽകുകയാണ് പതിവ്.
മാർച്ച് 12ന് കാലാവധി കഴിഞ്ഞതിനെത്തുടർന്ന് പുതിയ ടെൻഡർ വിളിച്ചെങ്കിലും നടപടിക്രമങ്ങൾ ഇഴയുകയാണ്. നേരത്തെ കരാറെടുത്തയാൾക്ക് വൻതുക കുടിശ്ശികയുണ്ട്. പ്രതിഷേധം കനത്തതോടെ കോർപറേഷൻ സെക്രട്ടറിയുടെ നിർദേശം അനുസരിച്ച് പഴയ കരാറുകാരനാണ് വിറക് ഇറക്കിയത്.
മാർച്ച് 24ന് പയ്യാമ്പലത്ത് ചിരട്ടയില്ലാത്തിനാൽ സംസ്കാരം മണിക്കൂറുകളോളം മുടങ്ങിയിരുന്നു. അന്ന് ബന്ധുകൾ പരിസരത്തെ വീടുകളിൽനിന്ന് ഉൾപ്പെടെ ചിരട്ടയെത്തിച്ചാണ് സംസ്കാരം നടത്തിയത്. സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരും കോർപറേഷൻ സെക്രട്ടറിയും തമ്മിൽ വാക്കേറ്റവുമുണ്ടായി. അതേസമയം വിറക് ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രതിസന്ധിക്കു കാരണമായതെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.