വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ട സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsസരോജിനി
പയ്യന്നൂര്‍: ദുരൂഹ സാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീട്ടുപറമ്പിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഏറെക്കാലമായി അന്വേഷണം മന്ദഗതിയിലായി എന്ന ആക്ഷേപമുയരുന്നതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
2024 നവംബർ ഒന്നിന് രാവിലെ 11.30ഓടെയാണ് പയ്യന്നൂർ കൊറ്റി വാടിപ്പുറം അംഗൻവാടിക്ക് സമീപത്തെ സുരഭി ഹൗസിൽ സുലോചനയെ (76) കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരം നടത്തിയ തിരച്ചിലിൽ വൈകീട്ട് 5.30ഓടെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ, മൃതദേഹത്തിൽ വയോധികയുടെ സ്വർണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയിട്ടും ലോക്കൽ പൊലീസിന് മരണത്തിലെ ദുരൂഹത നീക്കാനായില്ല.
റൂറൽ ജില്ല പൊലീസ് മേധാവി പയ്യന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നിയോഗിച്ച പ്രത്യേക സംഘത്തിനു കേസ് അന്വേഷണം കൈമാറിയെങ്കിലും ഫലം കണ്ടില്ല. വയോധിക ധരിച്ചിരുന്ന അഞ്ച് പവനോളം ആഭരണങ്ങള്‍ കാണാതിരുന്നതിനെ തുടര്‍ന്ന് മരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ സംശയങ്ങൾ ഉയർത്തിയിരുന്നു. ചെരുപ്പുകള്‍ കിണറ്റിന്റെ ഇരുപതോളം മീറ്റര്‍ അകലെ കാണപ്പെട്ടതും സംശയമുയർത്തി. കൊലപാതകമാകാനുള്ള സാധ്യത പൊലീസും തള്ളിക്കളഞ്ഞിരുന്നില്ല. ആഭരണങ്ങൾക്കായി മൃതദേഹം കണ്ടെത്തിയ കിണറ്റിലെ വെള്ളം വറ്റിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിരലില്‍ ഊരിയെടുക്കാനാകാതെ മുറുകിക്കിടന്നിരുന്ന മോതിരം നഷ്ടപ്പെടാതിരുന്നതും സംശയത്തിനിട നല്കി.